KOYILANDY DIARY.COM

The Perfect News Portal

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു

ഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര (82) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഡെല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ബിഹാറിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി കൂടിയാണ് ജഗന്നാഥ് മിശ്ര.

ബിഹാര്‍ കോണ്‍ഗ്രസിലെ ജനകീയനായിരുന്ന ജഗന്നാഥ് മിശ്ര മൗലാന എന്ന പേരിലും അറിയപ്പെട്ടിരുന്നു. ബിഹാര്‍ യൂണിവേഴ്സിറ്റിയില്‍ ഇക്കണോമിക്സ് പ്രൊഫസറായിരിക്കെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്.

ഇടക്കാലത്ത് കോണ്‍ഗ്രസ് വിട്ട അദ്ദേഹം എന്‍സിപിയിലും പിന്നീട് ജെഡിയുവിലും പ്രവര്‍ത്തിച്ചു. മൂന്നു തവണ ബിഹാര്‍ മുഖ്യമന്ത്രിയായിട്ടുള്ള ജഗന്നാഥ് മിശ്ര കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരന്‍ ലളിത് നാരായണ്‍ മിശ്ര ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ നിതീഷ് മിശ്ര ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ജഗന്നാഥ് മിശ്രയുടെ നിര്യാണത്തെ തുടര്‍ന്ന് ബിഹാറില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Advertisements

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനൊപ്പം കുറ്റക്കാരനായി കണ്ടെത്തിയ വ്യക്തിയാണ് മിശ്ര. 2013 ലെയും 2018ലെയും കാലിത്തീറ്റ കുംഭകോണ കേസില്‍ മിശ്രയെ പ്രതി ചേര്‍ത്തിരുന്നു. 2017 ഡിസംബര്‍ 23ന് ലാലു പ്രസാദിനെ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയപ്പോള്‍ മിശ്രയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

2018ല്‍ ലാലു പ്രസാദ് യാദവിനെയും ജഗന്നാഥ് മിശ്രയെയും കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ചൈബാദ് ട്രെഷറിയില്‍ നിന്നും 37.62 കോടി രൂപ പിന്‍വലിച്ച കേസില്‍ സിബിഐ കോടതി അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *