ബിഡിജെഎസ് മൂന്നിടത്ത് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബിഡിജെഎസിന്റെ മൂന്ന് സീറ്റുകളിലേക്ക് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൃശൂര്‍, വയനാട് മണ്ഡലങ്ങള്‍ ഒഴിവാക്കി മാവേലിക്കര, ആലത്തൂര്‍, ഇടുക്കി മണ്‌ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന് അഞ്ച് സീറ്റാണുള്ളത്.അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ സീറ്റ് ബിജെപിയുമായി വെച്ചുമാറാന്‍ തയ്യാറാണെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്‌ണന്‍,ആലത്തൂരില്‍ ടി വി ബാബു എന്നിവരാണ് സ്‌ഥാനാര്‍ത്ഥികള്‍. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി നില്‍ക്കുമെന്നാണ് സൂചന. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നില്‍ക്കുയാണെങ്കില്‍ തുഷാര്‍ വയനാട്ടില്‍ മത്സരിക്കുകയോ സീറ്റ് വിട്ടുനല്‍കുകയോ വെച്ചുമാറുകയോ ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ടയില്‍ ബിജെപി സ്‌ഥാനര്‍ത്ഥിയെ പ്രഖ്യാപിച്ചശേഷം ബിഡിജെഎസ് സ്‌ഥാനര്‍ത്ഥികളെ പ്രഖ്യാപിക്കാമെന്നായിരുന്നു ബിഡിജെഎസിന്റെ നിലപാട്. തുടര്‍ന്ന് ബിജെപി കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്‌ഥാനര്‍ത്ഥിയാക്കി. അതേസമയം മത്സരിച്ച് പരാജയപ്പെട്ടാല്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി നിര്‍ബന്ധം പിടിക്കുന്നതാണ് സ്‌ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

തൃശൂര്‍ സീറ്റില്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നും മറ്റൊരുപാധിയും ബിജെപിക്കുമുന്നില്‍ വെച്ചിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ട എല്ലാ പ്രാതിനിധ്യവും ബിജെപിയുടെ കേന്ദ്രനേതൃത്വം നല്‍കിയിട്ടുണ്ടെന്നും സീറ്റുകളില്‍ യാതൊരു തര്‍ക്കവും ഇല്ലെന്നും തുഷാര്‍ പറഞ്ഞു.

ബിജെപി കേന്ദ്ര നേതൃത്വം ബിഡിജെഎസിന് സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ വ്യക്തമായ ഉറപ്പ് നല്‍കിയിട്ടുണ്ട്. ബോര്‍ഡ്, കോര്‍പറേഷന്‍ പദവികളും കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ പദവിയുമാണ് ഉറപ്പ് നല്‍കിയത്. കഴിഞ്ഞ തവണ സ്ഥാനങ്ങള്‍ നല്‍കാതിരുന്ന പശ്ചാത്തലത്തിലാണ് കൃത്യമായ ഉറപ്പ് ഇത്തവണ വാങ്ങിയത്. രാഹുലിന് വടക്കേ ഇന്ത്യ ഭദ്രമല്ലാത്തതിനാലാണ് സുരക്ഷിതമണ്ഡലം ദക്ഷിണേന്ത്യയില്‍ തേടുന്നതെന്നും തുഷാര്‍ പറഞ്ഞു.
