ബിജെപിയെ ഫാസിസ്റ്റ് സര്‍ക്കാര്‍ എന്ന് വിളിച്ച വിദ്യാര്‍ത്ഥിനിയെ ജയിലിലടച്ചു

ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷയുടെ മുന്നില്‍വെച്ച് ‘ബിജെപി ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയട്ടെ’ എന്ന് പറഞ്ഞതിന് വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. തൂത്തുക്കുടി സ്വദേശിനിയും റിസര്‍ച്ച് വിദ്യാര്‍ത്ഥിനിയുമായ ലോയിസ് സോഫിയയെയാണ് ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസെയ് സൗന്ദരരാജന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. ചെന്നൈയില്‍ നിന്നും തൂത്തുക്കുടിയിലേക്ക് വിമാനത്തില്‍ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യവെയാണ് സംഭവം.
വിമാനത്തില്‍ തമിഴിസെയ്ക്കു തൊട്ടുപിന്നിലെ സീറ്റിലാണു സോഫിയ ഇരുന്നത്. യാത്രയ്ക്കിടെ സോഫിയ ബിജെപിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും സംസാരിച്ചുവെന്നും വിമാനത്തില്‍ നിന്നിറങ്ങിയപ്പോള്‍ ‘ബിജെപി ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയെട്ടെ’യെന്നു സോഫിയ തന്റെ മുഖത്ത് നോക്കി മുദ്രാവാക്യം മുഴക്കിയെന്നും ബിജെപി നേതാവ് പറയുന്നു.

വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ തമിഴിസെയ് സോഫിയക്കു നേരെ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സോഫിയയെ അറസ്റ്റ് ചെയ്യണമെന്ന് പിടിവാശിപിടിക്കുകയും പുതുക്കോട്ടയ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്‌തു. ഐപിസി സെക്ഷന്‍ 290, 505, 75(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സോഫിയയ്‌ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

എന്നാല്‍ മകളെ വളരെ മോശമായ ഭാഷയില്‍ അപമാനിച്ച ബിജെപി നേതാവിനെതിരെ സോഫിയയുടെ പിതാവ് പുതുക്കോട്ടയ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. സംഭവത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനമെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു.

