ബാലുശ്ശേരിയില്‍ പെരുന്നാള്‍ ചന്ത: ലക്ഷങ്ങളുടെ ആടുമാടുകളെ വില്‍പ്പനയ്ക്കെത്തിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി ആഴ്ചച്ചന്ത ഇത്തവണ പെരുന്നാള്‍ ചന്തയായിരുന്നു. ബലി പെരുന്നാളായതിനാല്‍ ലക്ഷങ്ങളുടെ ആടുമാടുകളെയാണ് കച്ചവടക്കാര്‍ ചന്തയില്‍ വില്‍പ്പനയ്ക്കെത്തിച്ചത്. 1,25,000 രൂപ വിലവരുന്ന മൂരിക്കുട്ടനും 75,000 രൂപയുടെ പോത്തും ഇരുപതിനായിരത്തിന്റെ ആടും വില്‍പനയ്ക്കെത്തിച്ചവയില്‍പെടുന്നു.
വില്‍പ്പനയ്ക്കെത്തിച്ചവയില്‍ ഏറെയും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമായിരുന്നു. ജി.എസ്.ടി. നികുതിസംവിധാനം നിലവില്‍ വന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആടുമാടുകളുടെ വില വര്‍ധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.

ഇതര സംസ്ഥാനങ്ങളില്‍നിന്നല്ലാതെ നാട്ടിന്‍പുറങ്ങളില്‍ നിന്നും ധാരാളം മാടുകളെ വില്‍പ്പനയ്ക്കെത്തിച്ചിരുന്നു. വില വര്‍ധിച്ചതും സാമ്ബത്തിക ഞെരുക്കവും കച്ചവടം കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് മൊത്തക്കച്ചവടക്കാരുടെ അഭിപ്രായം.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ധാരാളം കച്ചവടക്കാര്‍ ബുധനാഴ്ച രാവിലെ തന്നെ ചന്തയിലെത്തിയിരുന്നു. കഴിഞ്ഞ 50 വര്‍ഷക്കാലമായി ബുധനാഴ്ചകള്‍ തോറും ബാലുശ്ശേരി ആഴ്ചച്ചന്ത നടക്കുന്നുണ്ട്. ജില്ലയില്‍ പതിവുതെറ്റാതെ നടക്കുന്ന കന്നുകാലിച്ചന്തകളില്‍ ഒന്നാണ് ബാലുശ്ശേരിയിലേത്.

