KOYILANDY DIARY.COM

The Perfect News Portal

ബാലുച്ചാമിയും മയിലമ്മയും തിരികെ വീട്ടിലേക്ക്

കൊയിലാണ്ടി: ബാലുച്ചാമിയും മയിലമ്മയും തിരികെ വീട്ടിലേക്ക്. നോക്കാനാളില്ലെന്ന പരാതിയുമായി വീടുവിട്ടിറങ്ങിയ ബാലുച്ചാമിയും മയിലമ്മയും തിരികെ വീടുകളിലെത്തി. ബാലുച്ചാമിക്ക് എഴുപതും, മയിലമ്മയ്ക്ക് അറുപത്തഞ്ചും വയസ്സായി. രണ്ടുപേരും അമ്പായത്തോട് മിച്ചഭൂമി കോളനി മൂന്നാംപ്ലോട്ടിലെ താമസക്കാരാണ്‌. വീടെന്നാൽ ഒരു ഷെഡുമാത്രമാണ് ഇവർക്ക്‌. ഇത്‌ നാട്ടുകാരിടപെട്ട് വാസയോഗ്യമാക്കിയിട്ടുണ്ട്. ബാലുച്ചാമിക്ക് ഭാര്യയും ആറ് മക്കളുമുണ്ട്. മയിലമ്മയുടെ രണ്ടു മക്കളിൽ ഒരാൾ ജീവിച്ചിരിപ്പില്ല. ജോലിക്കിടെ കല്ലുവീണ് ഇവരുടെ കാലിലെ എല്ലുപൊട്ടിയിരുന്നു. ഇപ്പോൾ കമ്പിയിട്ടിരിക്കയാണ്. സംരക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഇരുവരുടെയും വാക്കുകളിലുണ്ട്. എന്നാൽ, എല്ലാ സഹായവും ചെയ്യാൻ നാട്ടുകാർ തയ്യാറാണെന്ന് വാർഡംഗം ബേബി രവീന്ദ്രൻ പറഞ്ഞു.

വീൽച്ചെയറിലിരിക്കുന്ന മൈലമ്മയെയും കൊണ്ട് നാടുചുറ്റുന്ന ബാലുച്ചാമിയെ ഇടക്കിടെ പേരാമ്പ്ര, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിൽ കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൊയിലാണ്ടി പഴയ ആർ.ടി.ഒ. ഓഫീസിനു സമീപത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വിശ്രമിക്കുന്ന ഇരുവരിൽ നിന്നും പാരാലീഗൽ വൊളൻറിയർമാരായ റഷീദ് പൂനൂർ, വി. മിനി എന്നിവരാണ് കാര്യങ്ങൾ തിരക്കിയത്. വീടുവിട്ടിറങ്ങിയതാണെന്ന്‌ ഇവർ പറഞ്ഞു. വിവരങ്ങളറിഞ്ഞതോടെ അമ്പായത്തോട് പരിസരത്തെ സാമൂഹിക സംഘടനകൾ, പഞ്ചായത്തംഗം എന്നിവരുമായി ആശയ വിനിമയം നടത്തി.

ഇവർക്ക് സ്വന്തംവീട്ടിൽ താമസിക്കുന്നതിന്‌ സൗകര്യമേർപ്പെടുത്തുമെന്ന്‌ അവർ അറിയിച്ചു. ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ കൂടിയായ സബ് ജഡ്ജി അഷ്റഫിന്റെ നിർദേശ പ്രകാരം പോലീസിലും വിവരമറിയിച്ചു. വീട്ടിലേക്കു മടങ്ങാൻ തയ്യാറാണെന്ന് ഇരുവരും സമ്മതിച്ചതോടെ പിങ്ക് പോലീസിലെ സിന്ധു, താര, രാജലക്ഷ്മി എന്നിവരും പാരലീഗൽ വൊളൻറിയർമാരും ചേർന്ന് അമ്പായത്തോട്ടിലെ വീട്ടിലെത്തിച്ചു.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *