ബാലഭാസ‌്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ‌് ചികിത്സയില്‍ കഴിയുന്ന വയലിനിസ‌്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍ ബാലഭാസ‌്കര്‍ അപകടനില തരണം ചെയ‌്തിട്ടില്ല. ഇതേ സമയം ബാലഭാസ‌്കറിന‌് എയിംസിലെ വിദഗ‌്ധരുടെ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട‌് ആരോഗ്യ മന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു.
വെന്റിലേറ്ററില്‍ തുടരുകയാണ‌് ബാലഭാസ‌്കര്‍. രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ശ്രമം ഫലം കണ്ടുതുടങ്ങി. എന്നാല്‍ തുടര്‍ശസ‌്ത്രക്രിയ ഉള്‍പ്പെടെ നടത്താനുള്ള അവസ്ഥ കൈവരിച്ചിട്ടില്ല. തലച്ചോറിന്റെ മുന്‍ഭാഗത്തെ ചതവിന‌് മരുന്ന‌് ഉപയോഗിച്ചുള്ള ചികിത്സ മതിയെന്നാണ‌് നിഗമനം. കാലിനടക്കം ശസ‌്ത്രക്രിയ വേണ്ടിവരും. ആരോഗ്യനില അടിക്കടി മാറുന്നതാണ‌് പ്രശ‌്നം. എന്നാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിലടക്കം നേരിയ പുരോഗതി കൈവരിക്കാനായതിന്റെയും ആത്മവിശ്വാസത്തിലാണ‌് ഡോക്ടര്‍മാര്‍. മുന്‍ദിവസങ്ങളിലേതുപോലെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായവും പൂര്‍ണമായി വേണ്ടി വരുന്നില്ലെന്നതും ആത്മവിശ്വാസം കൂട്ടുന്നു.

ബാലഭാസ‌്കറിന്റെ ഭാര്യ ലക്ഷ‌്മിയും വെന്റിലേറ്ററിലാണ‌്. ഇവര്‍ അപകടനില പൂര്‍ണമായും തരണം ചെയ‌്തു. കഴിഞ്ഞ ദിവസം രണ്ടാമതൊരു ശസ‌്ത്രക്രിയക്ക‌് കൂടി ലക്ഷ‌്മിയെ വിധേയയാക്കി. ഇവരുടെ തലച്ചോറിനും പരിക്കുണ്ട‌്. എന്നാല്‍ ബാലഭാസ‌്കറിന്റെ പരിക്കുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അത്രയും സാരമുള്ളതല്ല. ഡ്രൈവര്‍ അര്‍ജുനന്റെ ആരോഗ്യനിലയും മെച്ചപ്പെടുന്നുണ്ട‌്. ഇയാളുടെ ഇടുപ്പിനും ശസ‌്ത്രക്രിയ വേണ്ടിവരും.

ഏക മകള്‍ തേജസ്വിനി ബാലയുടെ വിയോഗം ബാലഭാസ‌്കറും ലക്ഷ‌്മിയും അറിഞ്ഞിട്ടില്ല. വെള്ളിയാഴ‌്ചയും ബോധം തെളിഞ്ഞപ്പോള്‍ ഡോക്ടര്‍മാരോട‌് ലക്ഷ‌്മി മകളെക്കുറിച്ച‌് അന്വേഷിച്ചു. തേജസ്വിനിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ലക്ഷ‌്മിയുടെ വീട്ടുവളപ്പില്‍ സംസ‌്കരിച്ചിരുന്നു. ഇരുവര്‍ക്കും ബോധം വന്ന ശേഷം സംസ‌്കാരം നടത്താമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട‌് മാറ്റി.

