KOYILANDY DIARY

The Perfect News Portal

ബാര്‍ തുറക്കണ്ട; സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ പൂട്ടിയ ബാറുകള്‍ ഇനി ഒരിക്കലും തുറക്കില്ല. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ച് അംഗീകാരം നല്‍കിയതോടെയാണ് ബാറുടമകള്‍ക്ക് കനത്ത തിരിച്ചടിയും സംസ്ഥാന സര്‍ക്കാറിന് ആശ്വസവുമായത്. ബാറുടമകള്‍ നല്‍കിയ ഹര്‍ജി തള്ളന്നുവെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സംസ്ഥാനത്തിന്റെ മദ്യനയത്തിന് അംഗീകാരം നല്‍കുന്നതായും അറിയിച്ചു. സുപ്രീംകോടതി വിധിയോടെ സംസ്ഥാനത്ത് 27 ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമാണ് ഇനി പ്രവര്‍ത്തനാനുമതി ഉള്ളത്.

ജസ്റ്റിസുമാരായ ശിവകീര്‍ത്തി സെന്‍, വിക്രംജിത്ത് സെന്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ണ്ണായകമായ ഈ വിധി പ്രഖ്യാപിച്ചത്.

ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീല്‍ തള്ളുന്നുവെന്നും സര്‍ക്കാര്‍ മദ്യനയം അംഗീകരിക്കുന്നുവെന്നുമുള്ള ഒറ്റവരി മാത്രമാണ് വിധി പ്രഖ്യാപിച്ച്‌ ജസ്റ്റിസ് വാദിച്ചത്. സര്‍ക്കാറിന്റെ മദ്യനയത്തെ അംഗീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ അപ്പീല്‍ തള്ളിയതോടെ സംസ്ഥാനത്തെ ബാര്‍ വ്യവസായത്തിനും അന്ത്യമാകുകയാണ്. 730 ബാറുകളാണ് കേരളത്തില്‍ ആകെയുണ്ടായിരുന്നത്. മദ്യനയത്തെ തുടര്‍ന്ന് നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ബാറുകളുടെ എണ്ണം 312 ആയി കുറഞ്ഞു.

Advertisements

കോടതി വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തു. സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ അംഗീകാരമാണ് വിധിയെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. മദ്യനയം സുപ്രീംകോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ വിധി പഠിച്ച്‌ നിയമസാധുതകള്‍ പരിശോധിക്കും എന്നാണ് ബാര്‍ ഉടമാ നേതാവ് രാജ്കുമാര്‍ ഉണ്ണി പ്രതികരിച്ചത്. തുടര്‍നടപടികള്‍ ആലോചിച്ച്‌ നടപടി എടുക്കുമെന്ന് ബാറുടമ എലഗന്റ്‌സ് ബിനോയ് പ്രതികരിച്ചു. വിവാദ വെളിപ്പെടുത്തലുകളിലെ സത്യം പുറത്തുവരാനുള്ള അവസരമാണ് വന്നതെന്ന് ബിനോയ് പ്രതികരിച്ചു. സര്‍ക്കാര്‍ മദ്യനയം പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിനോയ് പറഞ്ഞു.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്നായിരുന്നു ബാര്‍ ഉടമകളുടെ സുപ്രീംകോടതിയില്‍ വാദിച്ചത്. ഘട്ടങ്ങളായി മദ്യ ഉപയോഗം കുറച്ച്‌ മദ്യനിരോധത്തിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണ് ലൈസന്‍സ് പരിമിതപ്പെടുത്തിയതെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. വിനോദ സഞ്ചാര വികസനം കണക്കിലെടുത്താണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.