KOYILANDY DIARY

The Perfect News Portal

ബഹ്റൈനിന്റെയും കേരളത്തിന്റെയും അഭിവൃദ്ധിക്ക് ഏഴിന ശുപാര്‍ശകള്‍ സമര്‍പ്പിച്ചു

മനാമ:   പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായും ഗുദൈബിയ കൊട്ടാരത്തില്‍ കിരീടവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായുള്ള കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഴിന ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. ബഹ്റൈനിന്റെയും കേരളത്തിന്റെയും അഭിവൃദ്ധിക്കായാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി ബഹ്റൈന്‍ കേരളീയ സമാജം 70-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യവേയാണ് നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.

പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പഠിച്ചാണ് മുഖ്യമന്ത്രി ബഹ്റൈന്‍ ഉന്നതനേതൃത്വവമായി ചര്‍ച്ചക്ക് എത്തിയതെന്ന വികാരമാണ് പ്രവാസലോകത്തുനിന്നു ഉയര്‍ന്നത്. പ്രവാസി സംഘടനകളുടെ അജന്‍ഡയിലൊന്നും ഉയര്‍ന്നുവരാത്തതാണ് ഈ ശുപാര്‍ശകള്‍.

പ്രധാനമന്ത്രിയും കിരീടവകാശിയും മുഖ്യമന്ത്രി  സമര്‍പ്പിച്ച ശുപാര്‍ശകള്‍ വളരെ ശ്രദ്ധയോടെ വായിക്കുകയും അതുസംബന്ധിച്ച് സംസാരിക്കുകയുംചെയ്തു. കിരീടവകാശി ഒന്നാം ഉപപ്രധാനമന്ത്രി കൂടിയാണ്. നിര്‍ദേശങ്ങള്‍ അടിയന്തരമായി പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കാന്‍ ഫസ്റ്റ് ഡെപ്യൂട്ടി പിഎം ഓഫീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

Advertisements

ഇന്ത്യയില്‍നിന്നു നിരവധി ഭരണകര്‍ത്താക്കള്‍ ഇവരുമായി സംസാരിച്ചിട്ടുണ്ടെങ്കിലും ആരും ഇത്തരം ശുപാര്‍ശകള്‍ മുന്നോട്ടുവയ്ക്കുകയോ എഴുതി നല്‍കുകയോ ഉണ്ടായിട്ടില്ലെന്ന് ചര്‍ച്ചയില്‍ സംബന്ധിച്ച സോമന്‍ ബേബി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍നിന്നുള്ള ഒരു ഭരണാധികാരിക്ക് ഇത്തരത്തില്‍ ഉജ്വല സ്വീകരണം കിട്ടുന്നത്. പ്രധാനമന്ത്രി പുറത്തിറങ്ങിവന്ന് കാറില്‍നിന്ന് ഇറങ്ങിയ മുഖ്യമന്ത്രിയെ സ്വീകരിച്ച് ആനയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വികസനപാത

  • ബഹ്റൈന്‍ കേരള അക്കാദമിക് എക്സ്ചേഞ്ചിന്റെ ഭാഗമായി ബഹ്റൈനില്‍ കേരള പബ്ളിക് സ്കൂളും എന്‍ജിനിയറിങ് കോളജും സ്ഥാപിക്കുക.
  • കേരളത്തിലെ അടിസ്ഥാന വികസനത്തിനായി വികസന ഫണ്ടിന് രൂപംനല്‍കുക
  • കേരളത്തിന്റെ മനുഷ്യവിഭവശേഷിയും ബഹ്റൈനികളുടെ ധനവിനിയോഗ പ്രാപ്തിയും ഉപയോഗപ്പെടുത്താനായി കേരളത്തില്‍ ഒരു ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് ധനകാര്യ ജില്ല രൂപീകരിക്കുക.
  • ബഹ്റൈന്‍ കേരള സാംസ്കാരിക കൈമാറ്റത്തിന് കേരളത്തില്‍ ബഹ്റൈന്‍ ഭരണാധികാരികളുടെ പേരില്‍ സാംസ്കാരിക സമുച്ചയം സ്ഥാപിക്കുക.
  • അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ബഹ്റൈന്‍ പൌരന്‍മാര്‍ക്കായി കേരളത്തില്‍ ആശുപത്രി സ്ഥാപിക്കുകയും ചികിത്സ ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുകയും ചെയ്യുക.
  • മലയാളികള്‍ക്കായി ബഹ്റൈനില്‍ കേരള ക്ളിനിക്ക് തുടങ്ങുകയും ഇവിടെ പരമ്പരാഗതവും ആധുനികവുമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക.
  • ബഹ്റൈനിലെ മലയാളികള്‍ക്ക് നിയമസഹായം ലഭിക്കാന്‍ നോര്‍ക്കയുടെ കീഴില്‍ പ്രത്യേകകേന്ദ്രം സ്ഥാപിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *