ബസ് യാത്രക്കാരിയുടെ മൂന്നരപ്പവന്‍ മാല നഷ്ടപ്പെട്ട സംഭവം: രണ്ടുപേര്‍ പിടിയിൽ
പയ്യോളി: വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ ബസ് യാത്രക്കാരിയുടെ മൂന്നരപ്പവന്‍ മാല നഷ്ടപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. അപകടസ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഈ കടുംകൈ ചെയ്തത്.
അപകടസ്ഥലത്തിനടുത്തുള്ളവരാണ് ഇരുവരും. ഈ മാസം 20-ന് ദേശീയപാതയില്‍ അയനിക്കാട് കളരിപ്പടിക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ചിരുന്നു. സമീപത്തെ മരത്തിലിടിച്ചാണ് ബസ് നിന്നത്. രാവിലെ 11 മണിക്കായിരുന്നു അപകടം. ബസിന്റെ മുന്‍വശത്തെ ചില്ല് പൊട്ടി യുവതി പുറത്തേക്ക് തെറിച്ചുവീണു. അബോധാവസ്ഥയിലായ ഇവരുടെ മാലയാണ് നഷ്ടപ്പെട്ടത്.

ആശുപത്രിയില്‍ എത്തിയ ഉടനെ മൂടാടി സ്വദേശിയായ യുവതി മാല നഷ്ടപ്പെട്ട വിവരം പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസും ബന്ധുക്കളും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ആശ്വാസത്തിലായിരുന്നു യുവതിയുടെ വീട്ടുകാര്‍.

ഇതിനിടയിലാണ് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയ യുവാവ് കൂട്ടകാര്ക്കായി ആഘോഷ പരിപാടി സംഘടിപ്പിച്ചത് പുറത്തറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകട ദിവസം തന്നെ പയ്യോളിയിലെ വ്യാപാരിക്ക് 84,000 രൂപയ്ക്ക് അയനിക്കാടുള്ള യുവാവ് മാലവിറ്റ വിവരം ലഭിക്കുന്നത്. ഈ തുകയില്‍നിന്ന് 7000 രൂപയ്ക്ക് ഫോണും വാങ്ങി. പോലീസ് പിടിക്കുമ്പോള്‍ 12,000 രൂപയേ ബാക്കിയുണ്ടായിരുന്നുള്ളൂ. മാല വ്യാപാരിയില്‍ നിന്ന് കണ്ടെടുത്തു. ലോക്കറ്റ് നഷ്ടപ്പെട്ടിരുന്നു.

യുവാക്കളില്‍ ഒരാള്‍ ഊരി മറ്റൊരാള്‍ക്ക് കൈമാറിയതായാണ് കരുതുന്നത്. കാര്യം അറിയാതെ ഇവരുടെ ആഘോഷങ്ങളില്‍ പങ്കെടുത്ത മറ്റു മൂന്നുപേരും സ്റ്റേഷനില്‍ കയറേണ്ടിവന്നു. വീട്ടമ്മയ്ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ പോലീസ് സംഭവം അവസാനിപ്പിച്ചു.
