KOYILANDY DIARY.COM

The Perfect News Portal

ബംഗാളിയെ കൊന്നെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം: ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്കു മടങ്ങുന്നു

കോഴിക്കോട്:  ബംഗാളികള്‍ക്ക് കേരളത്തില്‍ നിലനില്‍പില്ല, ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളിയെ കൊന്നെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഇതേതുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച്‌ കൂട്ടത്തോടെ നാടുകളിലേക്കു മടങ്ങുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് കേരളത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടക്കുന്നത്. കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടല്‍ ഉടമ പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ശബ്ദ സന്ദേശമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മാത്രമല്ല, കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ വ്യാപകമായി ആക്രമണത്തിന് ഇരയാവുന്നുവെന്നും പ്രചരിക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ കോഴിക്കോട് നഗരത്തില്‍നിന്നും മാത്രം നാനൂറിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി ഉപേക്ഷിച്ച്‌ നാടുകളിലേക്കു മടങ്ങിയത്. വാട്സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടേതടക്കമുള്ള ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തുന്നത്.

വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അറിയാമെങ്കിലും തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതോടെ കോഴിക്കോട് നഗരത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ രണ്ട് ഹോട്ടലുകള്‍ക്കാണ് പൂട്ടുവീണത്. വ്യാജ പ്രചാരണത്തിനെതിരെ ജില്ലാ കലക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഹോട്ടലുടമകള്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *