ഫ്‌ളക്‌സിൽ കരിഓയൽ-ഡി.സി.സി ഓഫീസ് കൊടിമരത്തിൽ പച്ചക്കൊടി-കോൺഗ്രസ്സിൽ കലാപം
കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷം. ആലപ്പുഴയില്‍ ഉമ്മന്‍ചാണ്ടിയുടെ ഫ്ളെക്സില്‍ കരിഓയില്‍ ഒഴിച്ചു. ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡിലാണ് കരിഓയില്‍ ഒഴിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഇക്കാര്യം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതുകൂടാതെ മലപ്പുറത്തെ ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ കൊടി ഉയര്‍ത്തിക്കെട്ടുകയും ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് മലപ്പുറത്തെ ഡിസിസി ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് കൊടിക്ക് മുകളില്‍ ലീഗിന്റെ പച്ചക്കൊടി പ്രത്യക്ഷപ്പെട്ടത്. മാണിക്ക് സീറ്റ് കൊടുത്തതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതാണ് കൊടിമരത്തില്‍ ലീഗിന്റെ കൊടി ഉയര്‍ത്താന്‍ പാര്‍ട്ടിക്കുള്ളില്‍ വിമതസ്വരം ഉയര്‍ത്തുന്ന അംഗങ്ങളെ പ്രേരിപ്പിച്ചത്. ഇതിനിടെ ലീഗിനും മാണിക്കും വഴങ്ങിക്കൊടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാക്കളടക്കം പരസ്യമായി രംഗത്തെത്തിത്തുടങ്ങി.

പുതിയ തീരുമനം വന്നതോടെ ഭൂരിപക്ഷ സമുദായം പാര്‍ട്ടിയില്‍ നിന്നും അകന്നു പോയെന്ന് അജയ് തറയില്‍പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതായും അജയ് തറയില്‍ ചൂണ്ടിക്കാട്ടി. തീരുമാനത്തിന് പിന്നില്‍ സംസ്ഥാന കോണ്‍ഗ്രസിലെ മൂന്ന് നേതാക്കളാണുള്ളതെന്നും ഇതിന് രാഹുല്‍ഗാന്ധിയേയോ കോണ്‍ഗ്രസ് പ്രസ്ഥാനത്തെയോ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

മൂന്ന് നേതാക്കളാണ് എല്ലാത്തിനും കാരണം. അവര്‍ക്ക് പിറകെയാണ് കേരളത്തിലെ ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും. അതുകൊണ്ട് തന്നെ വരും കാലങ്ങളിലും ആ മൂന്ന് പേര്‍ എടുക്കുന്ന തീരുമാനത്തെ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ ആര്‍ക്കും സാധിക്കില്ലെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ അന്തരഫലം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലേത് പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടി വരുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

11-ന് വിളിച്ച് ചേര്‍ത്ത രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവെക്കണമെന്നും നേതാക്കള്‍ക്ക് തന്നിഷ്ടം പറയാനുള്ള യോഗമായി അത് മാറുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചത്. തീരുമാനം കോണ്‍ഗ്രസിനെ തകര്‍ക്കുന്നതായി മാറുമെന്ന് കഴിഞ്ഞ ദിവസം തന്നെ മുന്‍ കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ വി.എം സുധീരനും പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ആത്മാഭിമാനം ലീഗിനും മാണിക്കും കീഴില്‍ അടിയറവ് വെച്ചുവെന്ന് ആരോപിച്ച് ഇന്നലെ മുതല്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. പലയിടങ്ങളിലും പ്രതിഷേധ പ്രകടനവും നേതാക്കളുടെ കോലം കത്തിക്കല്‍ അടക്കമുള്ളവയും നടന്നിരുന്നു. ഇതിനിടെയാണ് ഇന്ന് പരസ്യ നിലപാടുമായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയത്. സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയില്‍ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാവുന്നതിനിടെ ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗം പല നേതാക്കളും ബഹിഷ്‌ക്കരിക്കുമെന്നുള്ള വിവരവും ലഭിക്കുന്നുണ്ട്. ജോണി നെല്ലൂര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നാണ് അറിയുന്നത്.



