ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിനുമുകളില്‍ സ്ഫോടകവസ്തു സാന്നിധ്യം കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

കോഴിക്കോട്: ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിനുമുകളില്‍, റോഡില്‍ സ്ഫോടകവസ്തു സാന്നിധ്യം കണ്ടെത്തിയത് അല്പനേരം പരിഭ്രാന്തി പരത്തി. പുഷ്പ ജങ്ഷനില്‍നിന്ന് ബീച്ചിലേക്കുള്ള പാലം കയറി ഉടനെയാണ് റോഡില്‍ വെടിമരുന്നുപൊടിയും മറ്റുചില അനുബന്ധ വസ്തുക്കളും കണ്ടെത്തിയത്.
വിവരമറിഞ്ഞ് സൗത്ത് അസി. കമ്മിഷണര്‍ കെ.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവ പടക്കമരുന്നാണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

കഴിഞ്ഞദിവസം ഒരു ഘോഷയാത്രയുടെ ഭാഗമായി പാലത്തിന്റെ കൈവരികളില്‍ അമിട്ടുകള്‍ കെട്ടിവെച്ച് കത്തിച്ചിരുന്നു. ഇതില്‍ പൊട്ടാതെകിടന്ന ഏതോ ഒരു അമിട്ട് റോഡില്‍ വീണ് വാഹനം കയറിയപ്പോള്‍ അതിനുള്ളിലെ മരുന്ന് പുറത്തേക്ക് തെറിച്ചതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്.

പടക്കമരുന്ന് പോലീസ് വെള്ളം ഉപയോഗിച്ച് കഴുകി. അതിനുശേഷം അവിടെയുണ്ടായിരുന്ന ഒഴിഞ്ഞ അമിട്ടുകുറ്റികള്‍ ബോംബ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.

