ഫോര്‍മാലിന്‍ ഇല്ല! മത്സ്യ വില കത്തിക്കയറുന്നു

കോഴിക്കോട്: മത്സ്യത്തിനു വീണ്ടും വില കത്തിക്കയറുന്നു. മത്സ്യത്തിനു ഫോര്‍മാലിന്‍ ഇല്ല, വില കൂട്ടുന്നതിലാകട്ടേ ഒരു ഫോര്മാലിറ്റിയുമില്ല. എല്ലായിനം മത്സ്യത്തിനും വില ഇരട്ടിയായി. അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന മത്സ്യം അഴുകാതിരിക്കാന്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആരും മത്സ്യം വാങ്ങാതായതോടെ വില കുറഞ്ഞതായിരുന്നു. മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഇല്ലെന്നു സ്ഥിരീകരിച്ചതോടെയാണ് ഡിമാന്‍ഡ് കൂടി. പേമാരിയും ശക്തമായ കാറ്റുംമൂലം കടലാക്രമണം രൂക്ഷമായതോടെ മത്സ്യബന്ധനത്തിനു കടലില്‍ പോകാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ വില വര്‍ധനയക്കു കാരണം.
ട്രോളിംഗ് നിരോധനംമൂലം ആഴക്കടല്‍ മത്സ്യബന്ധനം ആഴ്ചകളായി മുടങ്ങിയിരിക്കുകയാണ്. കടലോരത്തുനിന്നു ലഭിക്കുന്ന മത്സ്യത്തിന്റെ അളവ് വളരെ കുറവാണ്. ഫോര്‍മാലിന്‍ വിഷമുണ്ടെന്ന ആക്ഷേപം ഭയന്ന് വ്യാപാരികള്‍ അന്യ സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യം കൊണ്ടുവരുന്നതു വളരെ കുറച്ചിരിക്കുകയാണ്. മത്സ്യ മാര്‍ക്കറ്റില്‍ എല്ലായിനം മത്സ്യത്തിനും ക്ഷാമമാണ്. അയില അടക്കം കൂടുതല്‍ ഡിമാന്‍ഡുള്ള ഇനങ്ങള്‍ വിപണിയില്‍ ഇല്ല. രണ്ടു ദിവസമായി മത്സ്യ മാര്‍ക്കറ്റില്‍ പ്രധാനമായും എത്തുന്നതു വളര്‍ത്തു മത്സ്യങ്ങളാണ്.

