ഫൈബർ തോണിയിൽ ബോട്ട് ഇടിച്ച് പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി: ആഴകടലിൽ മത്സ്യ ബന്ധനം നടത്തുന്നതിനിടെ ഫൈബർ തോണിയിൽ ബോട്ട് ഇടിച്ച് പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി കൊല്ലം പാറപ്പള്ളിക്കു സമീപം തെക്കേ ചേരി കുഴിയിൽ ടി.സി.കെ. ബഷീർ (55), മകൻ ഷൗക്കത്തലി (31) യും കഴിഞ്ഞ ദിവസം വൈകീട്ടാണ് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
രാത്രി 9 മണിയോടെ ഇവരുടെ ഫൈബർ തോണിയിൽ ബോട്ട് വന്ന് ഇടിച്ച് തകർക്കുകയായിരുന്നു. തോണി തകർന്നതോടെ ഇടിച്ച ബോട്ട് ലൈറ്റ് ഓഫ് ചെയ്ത് കടന്നു കളഞ്ഞു. തോണിയൽ നിന്നും തെറിച്ച് കടലിൽ വീണ ബഷീറും ഷൗക്കത്തലിയും തകർന്ന തോണിയിൽ പിടിച്ച് ഒന്നര മണികൂറോളം കടലിൽ കിടക്കുകയായിരുന്നു.

ഒന്നര മണികൂറിനു ശേഷം അതുവഴി പോവുകയായിരുന്ന ശ്രീ വിഷ്ണു പ്രിയ എന്ന ബോട്ടിലുള്ള മത്സ്യതൊഴിലാളികളാണ് അപകടത്തിൽ പെട്ട പിതാവിനെയും മകനെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. അപകടത്ത തുടർന്ന് പരിക്കു പറ്റിയ ബഷീറും ഷൗക്കത്തലിയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

