ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു
കൊയിലാണ്ടി: സംസ്ഥാന സർക്കാർ കൃഷി, തദ്ദേശ സ്വയം ഭരണം, വിദ്യാഭ്യാസം, വനം വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു കോടി ഫല വൃക്ഷ തൈകൾ നട്ടുവളർത്തൽ” പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ വൃക്ഷതൈ വിതരണം ചെയ്ത് നിർവ്വഹിച്ചു. കൊയിലാണ്ടി കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു.

കേരളത്തിലെ തനത് ഫലവൃക്ഷങ്ങളായ മാവ്, വാഴ, പ്ലാവ്, പേരക്ക, മാതളം, സപ്പോട്ട, കടച്ചക്ക, പാഷൻ ഫ്രൂട്ട്, കുടംപുളി തുടങ്ങിയ 21 തരം തൈകൾ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൃഷിഭവനുകൾ എന്നിവ വഴി വരും നാളുകളിൽ വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ഇതോടൊപ്പം ടിഷ്യൂ, ഗ്രാഫ്റ്റ് ഇനങ്ങൾ 25% തുക ഈടാക്കിയും വിതരണം ചെയ്യുന്നുണ്ട്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, വിവിധ സ്റ്റാന്റിംഗ് അംഗങ്ങളായ ഇ. കെ അജിത് മാസ്റ്റർ, കെ.ഷിജു മാസ്റ്റർ, ഇന്ദിര ടീച്ചർ, നിജില, പ്രജില, കൃഷി ഓഫീസർ ശുഭ ശ്രീ എന്നിവർ പങ്കെടുത്തു.


