പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ പരിശീലനം

കോഴിക്കോട്: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ ശ്രദ്ധേയരാകുന്നത്. അവര്‍ പ്രതിരോധച്ചുവടുകള്‍ പഠിക്കുകയാണ്. അനുവാദമില്ലാതെ അവരുടെ ദേഹത്ത് ആരെങ്കിലും കൈവെച്ചാല്‍, വെയ്ക്കുന്നയാള്‍ താഴെക്കിടക്കുമെന്നുറപ്പ്.
കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റും സിറ്റി വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സിറ്റി വനിതാ പോലീസ് സെല്ലും ചേര്‍ന്നാണ് സ്വയംപ്രതിരോധക്ലാസ് നടത്തുന്നത്. കോളേജിലെ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ഥിനികള്‍ക്കാണ് പരിശീലനം.

ചേവായൂര്‍ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. ഹേമമാലിനി, നല്ലളം, വെള്ളയില്‍, നടക്കാവ് സ്റ്റേഷനുകളിലെ സി.പി.ഒ.മാരായ പി.കെ. റസീന, ജിജി നാരായണന്‍, പി. ഷീന എന്നിവരാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥിനികളെ പരിശീലിപ്പിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയുണ്ട്. nആര്‍.ഡി.ഒ. ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എ.സി. നീത അധ്യക്ഷയായി.

