KOYILANDY DIARY.COM

The Perfect News Portal

പ്രസവ ശേഷം ആശുപത്രി ചിലവ് അടയ്ക്കാൻ പണമില്ലാത്ത നിർധന കുടുംബത്തിന് കൈത്താങ്ങായി സംസ്ഥാന സർക്കാർ

കാസര്‍ഗോഡ്: ഞങ്ങളുടെ ജീവിതം സര്‍ക്കാരിനോട് കടപ്പെട്ടതാണ്. ഒരിക്കലും മറക്കാനാകാത്ത ഇടപെടല്‍. ഈ കൈത്താങ്ങില്ലെങ്കില്‍ ഇന്ന് ഞങ്ങളുണ്ടാകില്ലായിരുന്നു മഞ്ചേശ്വരം പഞ്ചായത്തിലെ ശാന്തിനഗര്‍ അംഗടിപ്പദവിലെ അക്ഷയ്കുമാറിന്റെ വാക്കുകളില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള തീര്‍ക്കാനാകാത്ത കടപ്പാട്. അക്ഷയ കുമാറിന്റെ ഭാര്യ സ്മിതയുടെ പ്രസവ ചികിത്സക്ക് ശേഷം ആശുപത്രി വിടണമെങ്കില്‍ 24,900 രൂപ ആശുപത്രിയില്‍ അടക്കണമായിരുന്നു. കര്‍ണാടകയിലെ തുണിക്കടയില്‍ സെയില്‍സ്മാനായ അക്ഷയ്കുമാര്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിക്ക് പോവാത്തതിനാല്‍ ഇത്രയും തുക കണ്ടെത്താനാകാതെ വിഷമത്തിലായി. ഈ തുക അടക്കാമെന്ന് പട്ടികജാതി വികസന വകുപ്പ് രേഖാമൂലം ആശുപത്രി അധികൃതരെ അറിയിച്ചതോടെയാണ് ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാനായത്.

മംഗളൂരുവിലെ ആശുപത്രിയിലാണ് സ്മിതയെ സ്ഥിരമായി കാണിച്ചിരുന്നത്. പ്രസവത്തിനായി മാര്‍ച്ച്‌ 29ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തലപ്പാടിയില്‍ കര്‍ണാടക പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഒടുവില്‍ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് വൈകിട്ട് ശസ്ത്രക്രിയയിലൂടെ സ്മിത ആണ്‍കുഞ്ഞിന് ജന്മംനല്‍കി.

രണ്ട് ദിവസത്തിനുള്ളില്‍ കൈയിലുണ്ടായിരുന്ന 7500 രൂപയും മരുന്നിനും മറ്റുമായി തീര്‍ന്നു. ഏപ്രില്‍ ഒന്നിന് ഡിസ്ചാര്‍ജ് ചെയ്യാമെന്നറിയിച്ചതോടെ ആശുപത്രിയില്‍ അടക്കാന്‍ പണമില്ലാതായി. കലക്ടറെ വിളിച്ചാല്‍ എന്തെങ്കിലും സഹായം ലഭിക്കുമെന്നറിയിച്ച്‌ ആശുപത്രിയില്‍ നിന്ന് ഒരാള്‍ ഫോണ്‍ നമ്പർ നല്‍കി. കലക്ടറെ കാര്യം ബോധ്യപ്പെടുത്തി നിമിഷങ്ങള്‍ക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മീനാറാണി അക്ഷയ്കുമാറിനെ വിളിച്ച്‌ സഹായം ലഭ്യമാക്കാമെന്നറിയിച്ചു.

Advertisements

പട്ടികജാതി-വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്റെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് തുക അനുവദിച്ചത്. വീട്ടിലെത്തിയ അക്ഷയ്കുമാറും ഭാര്യയും നന്ദിപറയുമ്പോള്‍ അത് സര്‍ക്കാരിനുള്ള അംഗീകാരമായി മാറി.

Share news

Leave a Reply

Your email address will not be published. Required fields are marked *