പ്രളയത്തില്‍ സംസ്ഥാനത്തെ അരിമില്ലുകള്‍ക്ക് 160 കോടി രൂപയുടെ നഷ്ടം
ആലുവ: പ്രളയത്തില്‍ സംസ്ഥാനത്തെ അരിമില്ലുകള്‍ക്ക് 160 കോടി രൂപയുടെ നഷ്ടം. 32 മില്ലുകള്‍ വെള്ളത്തില്‍ മുങ്ങി കേടുപാടുകള്‍ സംഭവിച്ചു. നഷ്ടം നികത്താന്‍ പ്രത്യേക പാക്കേജ് വേണമെന്നാണ് ഉടമകളുടെ ആവശ്യം. 150 അരിമില്ലുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഓണത്തിന് നല്ല വിപണി പ്രതീക്ഷിച്ച് ഇവിടങ്ങളിലെല്ലാം ഉല്‍പ്പാദനവും കൂട്ടിയിരുന്നു.
ഇതിനായി ടണ്‍ കണക്കിന് നെല്ലും സംഭരിച്ചു. ഓര്‍ക്കാപ്പുറത്തെത്തിയ പ്രളയം അരി മില്ലകളെയും മുക്കി. വെള്ളം കയറിയ 32 എണ്ണത്തില്‍ എട്ടെണ്ണം പൂര്‍ണമായി തകര്‍ന്നെന്നാണ് മില്ലുടമകള്‍ പറയുന്നത്. 30 അടിയിലധികം ഉയരമുള്ള മെഷീനുകളാണ് നാലു ദിവസം വെള്ളത്തില്‍ മുങ്ങിക്കിടന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മില്ലുകള്‍ക്കാണ് കേടുപാടു സംഭവിച്ചത്.

കാലടി, പെരുമ്ബാവൂര്‍ മേഖലയിലാണ് തകര്‍ന്ന മില്ലുകളിലധികവും. വെള്ളം കെട്ടിക്കിടന്ന മില്ലുകളിലെ അരിചാക്കുകളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു. ചിലത് പുഴുവരിച്ചു തുടങ്ങി. പ്രദേശത്ത് മൂക്ക് പൊത്താതെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. ആയിരക്കണക്കിന് ചാക്കുകളും ഉപയോഗശൂന്യമായി

നശിച്ച ടണ്‍ക്കണക്കിന് അരി എങ്ങനെ നീക്കം ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് മില്ലുടമകള്‍. നഷ്ടത്തിന്‍റെ കണക്കെടുപ്പ് നടത്താന്‍ ഭക്ഷ്യ വകുപ്പിലെയും സിവില്‍ സപ്ലൈസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

എങ്കിലും കണക്കെടുപ്പ് ഇതുവരെ തുടങ്ങിയിട്ടില്ല. കണക്കെടുപ്പിന് ശേഷമേ കേടായ അരി നശിപ്പിക്കാനും കഴിയുകയുള്ളൂ. എത്രയും വേഗം കണക്കെടുപ്പ് പൂര്‍ത്തിയാക്കി നഷ്ട പരിഹാരം നല്‍കണമെന്നും മെഷീനുകള്‍ നന്നാക്കാന്‍ പലിശ രഹിത വായ്പ അനുവദിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം.
