KOYILANDY DIARY.COM

The Perfect News Portal

പ്രളയക്കെടുതി നേരിട്ട കേരളത്തിന് വിദേശ രാജ്യങ്ങളുടെ പ്രശംസ

ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തത്തോടൊപ്പം അഭിനന്ദനപ്രവാഹവും. ദുരന്തത്തെ ഒറ്റക്കെട്ടായി ചെറുത്തുനിന്ന സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളുടെയും ഇതര സംസ്ഥാനങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും പ്രശംസയാണ് കിട്ടിയത്. കേരള ജനത കാട്ടുന്ന നിശ്ചയദാര്‍ഢ്യത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദും അഭിനന്ദിച്ചിരുന്നു. വിവിധ കേന്ദ്രസേനകള്‍ സംസ്ഥാനം നല്‍കിയ പിന്തുണയില്‍ പൂര്‍ണ്ണ തൃപ്തിയറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ തോളോടുതോള്‍ ചേര്‍ന്ന് നിന്നതിനെയും കേന്ദ്രസേനാ തലവന്‍മ്മാര്‍ പ്രശംസിക്കുന്ന കാഴ്ചയും പ്രളയക്കാലത്ത് കണ്ടു. നിപ രോഗത്തെ അത്ഭുതാവഹമായി ചെറുത്തുതോല്‍പ്പിച്ച കേരളം പ്രളയത്തോടും കീഴടങ്ങാന്‍ തയാറായില്ലെന്ന് സോഷ്യല്‍ മീഡിയയും അഭിനന്ദിക്കുന്നു. സോഷ്യല്‍മീഡിയയില്‍ ദേശീയതലത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കുന്നതിലും പ്രളയത്തിനിടയിലും കേരളം പിന്നോട്ടുപോയില്ല.

കേന്ദ്രസേനകളും സംസ്ഥാന സേനകളും പൊതുസമൂഹവും കൈകോര്‍ത്താണ് പ്രളയത്തെ നേരിട്ടത്. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ തങ്ങള്‍ക്ക് വഴികാട്ടികളായെന്നാണ് ദേശീയ ദുരന്ത നിവാരണ സേന തലവന്‍ സഞ്ജയ് കുമാര്‍ പറഞ്ഞത്. അവരുടെ ഇടപെടല്‍ പങ്കാളിത്ത സേവനത്തിന്റെ ഉത്തമ ഉദാഹരണമാണ്. ദുരന്തമുഖത്ത് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടത് നാട്ടുകാരാണ്. പ്രദേശത്തെ അറിയുന്നവര്‍ക്കാണ് വഴിയും അപകടസാധ്യതയും അറിയാനാവുക. ഇവിടെ മത്സ്യത്തൊഴിലാളികള്‍ ആ ദൗത്യം ആത്മാര്‍ത്ഥമായി നിറവേറ്റിയെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായി സൈന്യത്തിനു നല്‍കണമെന്ന ഇല്ലാത്ത കീഴ്‌വഴക്കത്തിനുവേണ്ടി ഒരു വിഭാഗം നടത്തിയ പ്രചരണങ്ങളെ തുത്തെറിയുന്നതാണ് ദേശീയ ദുരന്ത നിവാരണ സേന തലവന്റെ വാക്കുകള്‍.

ഇത്തരം പ്രചരണങ്ങള്‍ നിരുത്തരവാദപരമാണെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെയും ജില്ലാതാലൂക്ക് അധികാരികളുടെയും സഹായമില്ലാതെ ദുരന്തഭൂമിയില്‍ സൈന്യത്തിന് ഇടപെടാനാവില്ല. എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടതെന്ന് സിവില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തീരുമാനിക്കുക. കാരണം, എവിടെയാണ് ജനവാസമുള്ളത്, എവിടെയാണ് ആദ്യശ്രദ്ധ എത്തേണ്ടത് എന്നിവ അറിയുന്നത് പ്രദേശിക സഹായം ലഭ്യമാകുന്ന സിവില്‍ ഉദ്യോഗസ്ഥര്‍ക്കാണ്. ജില്ല കളക്ടര്‍മാര്‍ക്കാണ് ദുരന്തസഹായ ദൗത്യത്തിന്റെ ചുതതല. ജില്ലാകേന്ദ്രങ്ങളില്‍ ഒരുക്കുന്ന സഹായകേന്ദ്രത്തില്‍നിന്നാണ് നിര്‍ദ്ദേശം സൈന്യത്തിന് നല്‍കുന്നത്. സൈനിക ഹെലികോപ്റ്ററിലെ എയര്‍ലിഫ്റ്റിങ് ദൗത്യത്തിന് ശേഷം ഓതോതവണയും പൈലറ്റ് തന്റെ കമാന്‍ഡര്‍ക്ക് വിശദീകരണം നല്‍കണം. നിര്‍ദ്ദേശിച്ച മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചാലും അതിന് കമാന്‍ഡര്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്.

Advertisements

കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേരളത്തിന് എല്ലാ സഹായവും നല്‍കാന്‍ തയാറാണെന്ന് ജപ്പാന്‍ അറിയിച്ചു. ഇന്ത്യയിലെ ജപ്പാന്‍ സ്ഥാനപതി ഹിരാമസ്തുവാണ് ഇതറിയിച്ചത്. തങ്ങള്‍ ഒപ്പമുണ്ടെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡോ അറിയിച്ചത്. ആദ്യഘട്ടത്തില്‍ കേരളത്തില്‍ പ്രളയവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ പഴികേട്ട ദേശീയമാധ്യമങ്ങള്‍ പിന്നീട് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് കണ്ടത്. തെറ്റായി വ്യാഖ്യാനിക്കുന്ന കാര്‍ട്ടൂണ്‍ വരച്ച ടൈംസ് ഓഫ് ഇന്ത്യ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. അടുത്തദിവസം കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച്‌ ഒരുപേജ് പരസ്യവുമായാണ് പത്രം പുറത്തിറങ്ങിയത്. ഹിന്ദു ദിനപത്രവും സഹായഹസ്തവുമായി രംഗത്തെത്തി. കേരളത്തിന്റെ സംഘടിത ചെറുത്തുനില്‍പ്പിനെ പ്രശംസിച്ചാണ് തുടര്‍ന്ന് പത്രങ്ങളും ചാനലുകളും വാര്‍ത്തകള്‍ നല്‍കിയത്. കേരളത്തോടൊപ്പം നില്‍ക്കുക എന്ന ഹാഷ് ടാഗോടെയാണ് ചാനലുകളുടെ റിപ്പോര്‍ട്ടുകള്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *