പ്രളയക്കെടുതി നേരിടുന്ന കേരളത്തെ ആത്മാര്‍ത്ഥമായി സഹായിക്കും: മഹാരാഷ്ട്ര ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയെ കൂട്ടായി അതിജീവിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ദ്. ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം, ജീവന്‍രക്ഷാ ചികിത്സ എന്നീ മേഖലകളില്‍ സഹായിക്കും. ക്യാമ്പുകളില്‍ ആവശ്യമെങ്കില്‍ പുതപ്പ്, ബെഡ്ഷീറ്റ് എന്നിവ എത്തിക്കും.
ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണ് സാവന്ദ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയബാധിത പ്രദേശങ്ങളില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍നിന്ന് 70 ഡോക്ടര്‍മാരും 20 നഴ്സുമാരും എത്തിയിരുന്നു. കൂടുതല്‍ ഡോക്ടര്‍മാരെ അയക്കാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നു.

മഹാരാഷ്ട്ര ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പ്രദീപ് വ്യാസ്, സ്റ്റേറ്റ് സര്‍വയലന്‍സ് ഓഫീസര്‍ ഡോ. പ്രദീപ് അവാറെ, പേഴ്സണല്‍ സെക്രട്ടറി മനോജ് മഹലെ, സംസ്ഥാന ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മഹാരാഷ്ട്ര സംഘം പന്തളം, ചെങ്ങന്നൂര്‍, കുട്ടനാട് പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

