പ്രളയം നാശം വിതച്ച കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കമാകും

ആലപ്പുഴ: പ്രളയം നാശം വിതച്ച കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രക്രിയകളില്‍ അര ലക്ഷത്തിലധികം പേര്‍ പങ്കാളികളാകും. മൂന്നു ദിവസത്തിനുള്ളില്‍ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.
പ്രളയക്കെടുതിയില്‍ കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ബൃഹത്തായ ശുചീകരണ യജ്ഞത്തിനാണ് നാളെ തുടക്കമാകുന്നത്. കേരളംകണ്ട ഏറ്റവും വലിയ പുനരധിവാസ ക്യാമ്ബയിനാണിത്. 31-ഓടെ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.

നാളെ തുടങ്ങി 30-ന് സമീപിക്കുന്ന യജ്ഞത്തില്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. ക്യാമ്ബില്‍ കഴിയുന്ന കുട്ടനാട്ടുകാരില്‍ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത മുഴുവന്‍ പേരും പങ്കാളികളാകും. ഇലക്‌ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, കാര്‍പ്പെന്റര്‍മാര്‍ എന്നിവരുടെ സംഘവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ടാകും.

ചെളിനീക്കം ചെയ്യല്‍, ഫര്‍ണിച്ചര്‍ ശരിയാക്കല്‍ വൈദ്യുതോപകരണങ്ങള്‍ പരിശോധിക്കല്‍ എന്നിവയെല്ലാം വീട്ടുകാരുടെ സഹായത്തോടെ ചെയ്യും. പാമ്ബുകളെ പിടികൂടുന്നതിന് വിദഗ്ധസംഘവും ഉണ്ടാകും. വീട് ശുചിയാക്കുന്നതിനൊപ്പം റവന്യൂ ജീവനക്കാര്‍ നഷ്ടം വിലയിരുത്തുന്നതിനുള്ള ശ്രമവും നടത്തും. വെള്ളമിറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ വീടുകള്‍ വൃത്തിയാക്കല്‍ തുടങ്ങി. ഇതിനായി ജലഗാതഗതവകുപ്പ സൗജന്യ ബോട്ട് സര്‍വീസും നടത്തുന്നുണ്ട്.

