പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാര്‍ (58) അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. ഏറെ ജനശ്രദ്ധ നേടിയ കണ്ണാടി എന്ന പരിപാടിയുടെ അവതാരകനായിരുന്നു. 1957ലായിരുന്നു ജനനം.
ഇന്ത്യന്‍ എക്സ്‌പ്രസില്‍ പത്രപ്രവര്‍ത്തകനായാണ് തുടക്കം. പിന്നീട് മാതൃഭൂമി,സ്റ്റേറ്റ്സ്‌മാന്‍, ടൈംസ് ഓഫ് ഇന്ത്യ, ബിബിസി, തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു.

വട്ടപ്പള്ളിമഠം പി നീലകണ്ഠശര്‍മ്മയുടെയും എല്‍ തങ്കമ്മയുടെയും മകനാണ്. ശുചീന്ദ്രം ക്ഷേത്രസ്ഥാനികര്‍ ആയിരുന്നു അച്ഛന്‍ . ഭാര്യ: ഹെതര്‍, മക്കള്‍: കാവേരി, ഗായത്രി. മരുമക്കള്‍: രഞ്ജിത്, വിനായക് സഹോദരങ്ങള്‍ ടി എന്‍ വിജയം, ടി എന്‍ ശ്രീകുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 1 മുതല്‍ 3 വരെയും 3 മുതല്‍ 4 വരെ തിരുവനന്തപുരം പ്രസ്‌ക്ളബിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍

സാഹിത്യ, സിനിമ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ജീവന്‍മശായ് എന്ന സിനിമയും ദൂരദര്‍ശനുവേണ്ടി വേരുകള്‍ എന്ന സീരിയലും സംവിധാനം ചെയ്തു. വോള്‍ഗ തരംഗങ്ങള്‍, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, ശൂദ്രന്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് . കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി ബി അംഗം പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യതാനന്ദന്‍ തുടങ്ങിയവര്‍ ടി എന്‍ ഗോപകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
