നവംബർ 9ന് പ്രത്യേക നിയമസഭാ സമ്മേളനത്തിന് ശുപാർശ ചെയ്തു

തിരുവനന്തപുരം: അടുത്തമാസം ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. സമ്മേളനത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചേക്കും. നടപടി റിപ്പോര്‍ട്ട് സഹിതമായിരിക്കും റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുക.
എത്ര ദിവസത്തേക്കാണ് സമ്മേളനമെന്ന കാര്യം വ്യക്തമായിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിക്കുമെന്നാണ് സൂചന. നേരത്തെ ജനുവരിയിലായിരുന്നു നിയമസഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇതാണ് നവംബര്‍ ഒമ്പതിലേക്ക് മാറ്റിയിരിക്കുന്നത്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കുകയോ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഇതോടെ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഉമ്മന്‍ ചാണ്ടി അടക്കം 12 പേര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സര്‍ക്കാരിനെ സമീപിച്ചിരുന്നു. നിലവിലെ നിയമസഭയിലെ പല അംഗങ്ങളുടെയും പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതിനാല്‍ പ്രത്യേകനിയമസഭാ സമ്മേളനം പ്രക്ഷുബ്ധമായേക്കും.
