KOYILANDY DIARY.COM

The Perfect News Portal

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കടന്നു പിടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ പൊതുനിരത്തിൽ വച്ചു കടന്നു പിടിക്കുകയും സ്‌കൂട്ടറിൽ നിന്നു തള്ളിയിടുകയും ചെയ്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനത്താണ് സംഭവം. രണ്ടു മണിക്കൂറോളം പെൺകുട്ടിയെ പിന്നാലെ നടന്നു ശല്യം ചെയ്ത യുവാക്കൾ പെൺകുട്ടി സ്‌കൂട്ടറിൽ നിന്നു വീണതിനെ തുടർന്നു രക്ഷപെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കീഴുക്കുന്ന് മംഗലത്ത് വീട്ടിൽ അബിനേഷി (19) നെയും, പുതുപ്പള്ളി എള്ളുകാല മാടയ്ക്കൽ വിഷ്ണു (19) എന്നിവരെയാണ് എസ്‌ഐ അനൂപ് സി.നായർ അറസ്റ്റ് ചെയ്തത്. പള്ളം ബിഷപ്പ് സ്പീച്ചിലി കോളജിലെ വിദ്യാർഥിനിയായ ചങ്ങനാശേരി സ്വദേശിനിയാണ് ആക്രമണത്തിനിരയായത്.

 കേസിൽ ഒരു പ്രതിയെക്കൂടി പിടികൂടുനുണ്ടെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ അബിനേഷ് പെൺകുട്ടിയോടു നേരത്തെ പ്രണയാഭ്യർഥന നടത്തിയിരുന്നു. പെൺകുട്ടി താല്പര്യമില്ലെന്നു അറിയിച്ചെങ്കിലും ഇയാൾ വീണ്ടും ശല്യം തുടരുകയായിരുന്നു.

സംഭവ ദിവസം കോളജിൽ നിന്നു സ്‌കൂട്ടറിൽ പുറത്തിറങ്ങിയ പെൺകുട്ടിയെ വിഷ്ണുവും അബിനേഷും ബൈക്കിൽ പിൻതുടർന്നു. കേസിലെ മൂന്നാം പ്രതിയുടെ ബൈക്കിലാണ് ഇരുവരും പിൻതുടർന്നിരുന്നത്.

കുറിച്ചി ഭാഗത്തു വച്ച് പ്രതികൾ പെൺകുട്ടിയുടെ സ്‌കൂട്ടർ തടഞ്ഞു നിർത്തി. തുടർന്നു അബിനേഷിനൊപ്പം ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. ബൈക്കിൽ കയറാൻ തയ്യാറാകാതെ വന്നതോടെ അബിനേഷ് പെൺകുട്ടിയുടെ കയ്യിൽ നിന്നു സ്‌കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചു വാങ്ങി.

Advertisements

അബിനേഷ് സ്‌കൂട്ടറിൽ കയറിയ ശേഷം പെൺകുട്ടിയോട്‌ പിന്നിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഇവരുടെ ഭീഷണി സഹിക്കാനാവാതെ പെൺകുട്ടി സ്‌കൂട്ടറിൽ കയറി. അബിനേഷ് സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്തതിനിടെ പെൺകുട്ടി രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ പിടിയിലും വലിയിലും പെൺകുട്ടിയും അബിനേഷും സ്‌കൂട്ടറിൽ നിന്നു താഴെ വീണു. സംഭവം കണ്ട്  പ്രശ്‌നത്തിൽ ഇടപെട്ട നാട്ടുകാർ യുവാക്കളെ തടഞ്ഞു വച്ച ശേഷം പെൺകുട്ടിയെ പോകാൻ അനുവദിച്ചു.

തുരുത്തി ഭാഗത്ത് എത്തിയ ശേഷം പെൺകുട്ടി വീട്ടുകാരെ വിളിക്കുന്നതിനായി സ്‌കൂട്ടർ നിർത്തി. ഈ സമയം പ്രതികളായ യുവാക്കൾ പിന്നാലെ എത്തി. ഇവർ വരുന്നത് കണ്ട് സമീപത്തെ ഇടവഴിയിലേയ്ക്കു പെൺകുട്ടി സ്‌കൂട്ടർ ഓടിച്ചു കയറി. ഇതോടെ ഇരുവരും പെൺകുട്ടിയുടെ പിന്നാലെ പാഞ്ഞു.

ഇടവഴിയിൽ സ്‌കൂട്ടർ ഓഫായതോടെ പ്രതികൾ അതിവേഗം പെൺകുട്ടിയുടെ അടുത്തെത്തി. കുട്ടിയുടെ കയ്യിൽ കടന്നു പിടിച്ച പ്രതി തന്നെ പ്രണയിക്കണമെന്നു ആവശ്യപ്പെട്ടു. കുതറിമാറാൻ ശ്രമിച്ചതോടെ പ്രതികൾ പെൺകുട്ടിയുടെ രണ്ടു കയ്യിലും കടന്നു പിടിച്ചു. ഇതിനിടെ പിടിവിട്ട് പെൺകുട്ടി റോഡിൽ വീഴുകയും ചെയ്തു.

സംഭവം കണ്ട് നാട്ടുകാർ കൂടിയതോടെ പ്രതികൾ ബൈക്കിൽ രക്ഷപെട്ടു. ഇന്നലെ രാവിലെ മാതാപിതാക്കളോടൊപ്പം സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തുടർന്നു ഉച്ചയോടെ കേസിലെ രണ്ടു പ്രതികളെയും എസ്‌ഐ അനൂപ് സി.നായർ, എഎസ്‌ഐ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സൻജോ, സിവിൽ പൊലീസ് ഓഫിസർ സിജോ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അബിനേഷ് ഇതേ കോളജിലെ തന്നെ വിദ്യാർഥിയാണ്. രണ്ടു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *