KOYILANDY DIARY

The Perfect News Portal

പ്രകാശൻ ഗുരുക്കൾക്ക് പ്രണാമം

കൊയിലാണ്ടി: പ്രകാശൻ ഗുരുക്കൾക്ക് പ്രണാമം… പ്രമുഖ വാദ്യകലാകാരനായിരുന്ന കൊയിലാണ്ടി ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ പ്രകാശൻ്റെ (61) മരണം സമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കേരളത്തിലെ ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞു പോയവരുമായ നിരവധി വാദ്യപ്രതിഭകളുടെ സംഭാവനകളാൽ സമൃദ്ധവും സജീവവുമായി തുടരുന്ന കലാരൂപമാണ് ചെണ്ട വാദ്യം. ഇത്രയധികം ആളുകൾ വാദ്യങ്ങൾ ഒന്നിക്കുന്ന കലാരൂപം മറ്റൊന്നുണ്ടോ എന്നത് സംശയമാണ്. തീരദേശ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ചിരസ്മരണീയമാക്കുന്നതിൽ തദ്ദേശീയ വാദ്യസംഘം ഒരുക്കുന്ന ഘനഗംഭീരമാർന്ന ചെണ്ടമേളം നിസ്തുല പങ്ക് നിർവഹിക്കുന്നു. 

കോഴിക്കോട് ജില്ലയിലെ പ്രമുഖമായ തീരദേശക്ഷേത്രങ്ങളിൽ ഒന്നാണ് ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗഭഗവതി ക്ഷേത്രം ഇവിടെ വർഷങ്ങളായി മേളം നയിക്കുന്ന അനുഗ്രഹീതകലാകാരനാണ് ടി. പി പ്രകാശൻ ഗുരുക്കൾ. വളരെ ചെറുപ്രായത്തിൽ തന്നെ ചെണ്ട അഭ്യസിക്കുവാനും വാദ്യകല സ്വായത്തമാക്കുവാനും അദ്ദേഹത്തിന് സാധിച്ചു. പ്രശസ്ത വാദ്യകലാകാരൻമാരുടെ മാർഗ്ഗനിർദ്ദേശങ്ങൾ വാദനസരണിയിൽ ഉയർന്നുവരാൻ പ്രകാശൻ ഗുരുക്കളെ സഹായിക്കുകയുണ്ടായി. വാദ്യകുലപതി പല്ലാവൂർ അപ്പുമാരാർ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ശുകപുരം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രകാശൻ ഗുരുക്കളുടെ വാദ്യവൈഭവത്തെ പ്രകീർത്തിക്കുകയുണ്ടായി.

ചെറിയമങ്ങാട് ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിനു പുറമെ അടുത്തും അകലെയുമുള്ള ഒട്ടനവധി ക്ഷേത്രങ്ങളിലെ മേളങ്ങൾക്ക് പ്രമാണം വഹിക്കുവാനും അവിടങ്ങളിലെ തദ്ദേശീയരായ വിദ്യാർഥികൾക്ക് ചെണ്ടമേളം അഭ്യസിപ്പിക്കാനുമുള്ള ഭാഗ്യം ഉണ്ടാകുകയുണ്ടായി. വാദ്യസമ്പ്രദായത്തിൽ വരുന്ന ശൈലീ വ്യത്യാസങ്ങൾ മനസ്സിലാക്കാനും അവതരണത്തിൽ സൂഷ്മത പുലർത്താനും അദ്ദേഹം എക്കാലവും ശ്രദ്ധിച്ചിരുന്നു. 2015ൽ പയ്യോളി ശ്രീ കുറുംബാ ക്ഷേത്ര ധർമ പരിപാലന അരയസമാജം സംഘടിപ്പിച്ച ‘നാദവിസ്മയം 2015’ എന്ന വാദ്യമേളത്തിന് നേതൃത്വം നൽകാൻ സാധിച്ചത് വാദ്യകലയിൽ  പ്രകാശൻ ഗുരുക്കളുടെ കഴിവിന് ലഭിച്ച അംഗീകാരങ്ങളിൽ ഒന്നാണ്.

Advertisements

മികവിൻ്റെ ഉയരങ്ങളിൽ നിൽക്കുമ്പോഴും വാദ്യകലയിൽ താനിപ്പോഴും വിദ്യാർഥിയാണ് എന്ന വിനയാത്വഭാവം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിൽ വലിയൊരു കലാകാരനെ ആണ് സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിൻ്റെ വിയോഗം നികത്താനാകാത്ത വിടവായി എക്കാലവും നിലനിൽക്കും.. നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. നിരവധി വാദ്യസംഘടനകളും പുഷ്പചക്രം സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *