പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി

എറണാകുളം : പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ജയചന്ദ്രന് ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെവിട്ടത്. ഒന്‍പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധി റദ്ദാക്കിയാണ് ഒരാള്‍ ഒഴികെ എല്ലാവരെയും ഹൈക്കോടതി വെറുതെ വിട്ടത്.
സിബിഐ കോടതി വിധി ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയില്ലെന്നതിനാല്‍ കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷയാണ് കോടതി റദ്ദാക്കാതിരുന്നത്.
2009 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകും വഴി ബൈക്ക് അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം. ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

13 പ്രതികളില്‍ ഒന്‍പതു പേരെ ജീവപര്യന്തം കഠിന തടവിനും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. നാലുപേരെ മൂന്ന് വര്‍ഷം കഠിന തടവിനും 5000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്.രഘു ശിക്ഷിച്ചത്.

ഏറെ വിവാദമായ ‘എസ്’ കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് 123 സാക്ഷികളെയാണ് സിബിഐ കോടതി വിസ്തരിച്ചത്. 118 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

