KOYILANDY DIARY.COM

The Perfect News Portal

പോക്സോ കേസിൽ ‘കുപ്രസിദ്ധ പ്രതി  അറസ്റ്റിൽ’

പോക്സോ കേസിൽ ‘കുപ്രസിദ്ധ പ്രതി അറസ്റ്റിൽ’ കോഴിക്കോട്: സ്കൂൾ വിടുന്ന സമയത്ത് സമർത്ഥമായി സ്കൂളിൽ കടന്ന് ബാത്റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷ് (32) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. പ്രമാദമായ സുന്ദരിയമ്മ വധക്കേസിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ട ആളാണ് പോക്സോ കേസിൽ അറസ്റ്റിലായ ജയേഷ്. 

വൈകുന്നേരം സ്കൂൾ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കൾക്കും ഓട്ടോ ഡ്രൈവർമാർക്കുമൊപ്പം സമർത്ഥമായി സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച ശേഷമാണ് സ്കൂളിന്റെ മൂത്രപ്പുരയിൽ വെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ  സുന്ദരിയമ്മ കൊലക്കേസിൽ പ്രതിയായിരുന്ന ജയേഷ് ആണ് പ്രതി എന്ന് പോലീസിന് സംശയം തോന്നുകയും മുൻപ് ജയേഷിനെ കുറിച്ച് ചാനലുകളിൽ വന്ന വാർത്തകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് സ്കൂളിലെ  സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചതിൽ ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെടുകയും ചെയ്തു. 

Advertisements

ജയേഷിനെതിരായി വെളളയിൽ, ടൗൺ പോലീസ് സ്റ്റേഷനുകളിൽ സെപ്തംബർ മാസത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ടിയാൻ കോഴിക്കോട് നഗരത്തിൽ തന്നെ താമസമുണ്ടെന്ന് പോലീസ് മനസ്സിലാക്കുകയും ശേഷം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എ. ശ്രീനിവാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ച് പോലീസ് സമർത്ഥമായി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. 

വെള്ളയിൽ പോലീസ് ഇൻസ്പെക്ടർ വി.ബാബുരാജിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സനീഷ്.യു ബാവ രഞ്ജിത്ത് എ.എസ്.ഐ ദീപു കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ നവീൻ. എൻ സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ. പി എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്. പ്രാഥമിക തെളിവെടുപ്പിന് ശേഷം പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Share news