KOYILANDY DIARY.COM

The Perfect News Portal

പൊലീസിലെ അടിമപ്പണി സര്‍ക്കാര്‍ പൂര്‍ണമായി അവസാനിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിലെ അടിമപ്പണി സര്‍ക്കാര്‍ പൂര്‍ണമായി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കും. ഒരുതരത്തിലുള്ള മനുഷ്യാവകാശ ലംഘനവും അനുവദിക്കില്ലെന്നും നിയമസഭയില്‍ കെ എസ് ശബരീനാഥ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ച്‌ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയന്നുള്ള ഡ്രൈവര്‍ ഗവാസ്‌‌കറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഡിജിപിയുടെ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കൂടാതെ എഡിജിപിയുടെ മകളുടെ മൊഴി പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഗവാസ്‌കറുടെ ഭാര്യയും കുടുംബാംഗങ്ങളും നിവേദനം നല്‍കുകയുണ്ടായി. ഇക്കാര്യം ഗൗരവമായി കണ്ട് നടപടിയുണ്ടാകുമെന്ന് ഉറപ്പ് കൊടുത്തതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

രണ്ട് കേസ്സുകളും ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു വരികയാണ്. അന്വേഷണം ഫലപ്രദമായി നടത്തുന്നതിന് ബറ്റാലിയന്‍ എഡിജിപിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്.

Advertisements

പൊലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഒരു സമ്ബ്രദായം കാലാകാലമായി ഇവിടെ നിലവിലുണ്ട്. ബ്രിട്ടീഷ് പൊലീസ് ഭരണത്തില്‍ നിന്നു കൈമാറിവന്ന ജീര്‍ണ്ണമായ ഒരു സംസ്‌‌കാരമാണിത്. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഏഴു പതിറ്റാണ്ടു കഴിഞ്ഞ ഘട്ടത്തിലും ഇതു തുടരുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. അത് ഗൗരവകരമാണ്.

ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട പൊലീസ് കോണ്‍സ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവണത പൂര്‍ണ്ണമായും അവസാനിപ്പിക്കുക തന്നെ ചെയ്യും.

പൊലീസിലെ ആശാസ്യമല്ലാത്ത ഈ പ്രവണത മുന്‍കാലങ്ങളിലും പലപ്പോഴും തലപൊക്കിയിട്ടുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള സകല ജീവനക്കാരുടെയും മാനുഷികാവകാശങ്ങള്‍ക്കു പരിരക്ഷയും ആദരവും നല്‍കുന്ന സമീപനമേ സര്‍ക്കാരില്‍ നിന്നുണ്ടാവൂ. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന ഒരു നടപടിയും ഒരു ഉദ്യോഗസ്ഥന്റെയും ഭാഗത്തുനിന്നുണ്ടാവുന്നത് അനുവദിക്കില്ല.

അതേസമയം പൊലീസ് ഒരു ഡിസിപ്ലിന്‍ഡ് ഫോഴ്സാണ്. അതിന്റെ ഡിസിപ്ലിനെ ലംഘിക്കാന്‍ എന്തെങ്കിലും പഴുതാക്കുന്നതും അനുവദിക്കാനാവില്ല. ഡിസിപ്ലിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നതും അനുവദിക്കാനാവില്ല. ഈ വിധത്തിലുള്ള സമതുലിതമായ ഒരു സമീപനമാവും സര്‍ക്കാരില്‍ നിന്നുണ്ടാവുക.

ഇക്കാര്യത്തില്‍ സര്‍ക്കാരും പൊലീസ് മേധാവിയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതു ഉന്നത ഉദ്യോഗസ്ഥനുണ്ടായാലും കര്‍ശനമായ നടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പൊലീസ് ഉന്നതരുടെ വീടുകളിലും ക്യാമ്ബ് ഓഫീസുകളിലും അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ക്യാമ്ബ് ഫോളോവര്‍മാരുടെയും കണക്കെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം എഡിജിപി എസ് ആനന്ദകൃഷ്‌ണന്‍ വിശദമായ കണക്ക് ആവശ്യപ്പെട്ട് മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ അയച്ചു. ഇതുപ്രകാരം മിക്ക ജില്ലകളില്‍നിന്നും സ്‌പെഷ്യല്‍ യൂണിറ്റുകളില്‍നിന്നും കണക്ക് പൊലീസ് ആസ്ഥാനത്ത് എത്തിച്ചു. അന്തിമ പട്ടിക തിങ്കളാഴ്ച സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് സമര്‍പ്പിക്കും. 26ന് മുഖ്യമന്ത്രി എസ്‌പിമാര്‍മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *