KOYILANDY DIARY.COM

The Perfect News Portal

പൊലികയിലെ പൊലീസിന്റെയും ശിശുക്ഷേമസമിതിയുടെയും സ്റ്റാളുകള്‍ ശ്രദ്ധേയമാവുന്നു

കല്‍പ്പറ്റ: കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശനമേളയുടെ ഭാഗമായി പോലിസ്, അഗ്‌നിശമന സേനകള്‍ ഒരുക്കിയ സ്റ്റാളുകള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. സേനകളുടെ പ്രവര്‍ത്തനങ്ങളും അത്യാധുനിക ഉപകരണങ്ങളുടെ ഉപയോഗവും സ്റ്റാളിലറിയാം. കേരളാ പോലിസ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന 303 റൈഫിള്‍ മുതല്‍ എകെ 47 വരെ ഇവിടെയുണ്ട്.

എസ്‌എല്‍ആര്‍, ഇന്‍സാസ്, സ്റ്റണ്‍ഗണ്‍, റിവോള്‍വര്‍, പിസ്റ്റള്‍, ഗ്യാസ് ഗണ്‍, ആന്റി റയട്ട് ഗണ്‍ തുടങ്ങിയവ പ്രദര്‍ശനത്തിനൊരുക്കി. കണ്ണീര്‍വാതക ഷെല്ലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവ ഏതൊക്കെ അവസരങ്ങളില്‍ ഉപയോഗിക്കാമെന്നും പാര്‍ശ്വഫലങ്ങളും പോലിസുകാര്‍ വിവരിച്ചുനല്‍കുന്നു. ഫയര്‍ഫോഴ്സിന്റെ സ്റ്റാളും വ്യത്യസ്തമാണ്. പ്രധാന പന്തലിന് പുറത്ത് പ്രത്യേകം സജ്ജീകരിച്ചതാണ് സ്റ്റാള്‍. തീപ്പിടിത്തമുണ്ടായാല്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാം. വാട്ടര്‍മിസ്റ്റ്, കാര്‍ബണ്‍ഡയോക്സൈഡ് എക്റ്റിങ്ഗ്യുഷന്‍, ഡൈ കെമിക്കല്‍ പൗഡര്‍, ബ്രീത്തിങ് അപ്പാരന്റ്സ്, സ്‌കൂബ, ന്യൂമാറ്റിക് ബാഗ്, സീറോ ടോര്‍ക്, റിവോള്‍വിങ് ഹെഡ്, അലൂമിനിയം സ്യൂട്ട്, കെമിക്കല്‍ സ്യൂട്ട് എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പൊലിക 2018 ല്‍ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഫോട്ടോ പ്രദര്‍ശനവും ശ്രദ്ധേയമാകുന്നു. പവലിയന്‍ സന്ദര്‍ശിക്കുന്ന കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളാണ് കൂടുതലും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.പവലിയനിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും ചിത്രങ്ങള്‍ വരയ്ക്കാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും പ്രവര്‍ത്തിക്കുന്ന തണല്‍ പദ്ധതിയുടെ ഭാഗമായാണ് ശിശുക്ഷേമ സമിതി ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ അവകാശ സംരക്ഷണനത്തിനായി സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും ഇവിടെ നിറവേറ്റപ്പെടുകയാണ്. 1517 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ കുട്ടികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വിളിച്ചറിയിക്കാനുള്ള അവസരവുമുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *