പൊതുമേഖലാ ബാങ്കുകള്‍ക്ക് പിന്നാലെ സ്വകാര്യ ബാങ്കുകളും പലിശ നിരക്ക് കുറയ്ക്കുന്നു

കൊച്ചി: പൊതുമേഖലാ ബാങ്കുകള്‍ക്ക് പിന്നാലെ സ്വകാര്യ ബാങ്കുകളും വായ്പകളുടെ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങി. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് അടിസ്ഥാന വായ്പാ നിരക്കില്‍ 0.75 മുതല്‍ 0.90 ശതമാനത്തിന്റെ വരെ കുറവുവരുത്തി. ഇതോടെ ഭവന വായ്പ ഉള്‍പ്പെടെയുള്ള വായ്പകളുടെ പലിശ നിരക്ക് കുറയും.
ഐ.സി.ഐ.സി.ഐ. ബാങ്ക് ഒരു വര്‍ഷത്തെ എം.സി.എല്‍.ആര്‍. നിരക്ക് 0.70 ശതമാനം കുറച്ചിരുന്നു. ഇതോടെ, നിരക്ക് 8.20 ശതമാനമായി. ഭവന വായ്പയുടെ പലിശ നിരക്ക് 9.10 ശതമാനത്തില്‍ നിന്ന് 0.45 ശതമാനം കുറച്ച് 8.65 ശതമാനമായി പുതുക്കി നിശ്ചയിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക് എം.സി.എല്‍.ആര്‍. നിരക്ക് 0.20 മുതല്‍ 0.45 ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്. പൊതുമേഖലയിലെ ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന നിരക്കില്‍ 0.90 ശതമാനത്തിന്റെ വരെ കുറവ് വരുത്തി.

