KOYILANDY DIARY.COM

The Perfect News Portal

പൊതുജന പങ്കാളിത്തത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം മൂലമാണ് മരണസംഖ്യ കാര്യമായി കുറഞ്ഞത്‌: മുന്‍മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്പേയ്, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, മുന്‍തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള, ടി കെ അറമുഖം എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചത്.

സേനാവിഭാഗങ്ങളേയും മത്സ്യത്തൊഴിലാളികളേയും പൊതുജനങ്ങളേയും അണിനിരത്തിയുള്ള ജനകീയ രക്ഷാപ്രവര്‍ത്തനമാണ് പ്രളയത്തിനിടെ ഉണ്ടായതെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെയുള്ള ഈ രക്ഷാപ്രവര്‍ത്തനം മൂലമാണ് മരണസംഖ്യ കാര്യമായി കുറഞ്ഞതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു ബിഗ്സല്യൂട്ട് നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

പ്രളയദുരന്തം ഭയാനകമായിരുന്നുവെന്നും വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവര്‍ക്കും സന്നദ്ധ പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായവര്‍ക്കും ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും സ്പീക്കര്‍ പി,ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്‍റെ സൈന്യമാണ്. ദുരന്തപ്രതിരോധത്തിലും കേരളം ലോകത്തെ വിസ്മയിപ്പിച്ച മാതൃക സൃഷ്ടിച്ചെന്നും കേരളത്തിന്‍റെ കുറവുകള്‍ പരിഹരിക്കാനുള്ള പാഠമായി ദുരന്തത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്…

305 ക്യാമ്പുകളിലായി 16767 കുടുംബങ്ങളിലെ 59296 പേര്‍ ക്യംപുകളിലുണ്ട്. പ്രളയത്തില്‍ 483 പേര്‍മരിച്ചു. 15 പേരെ കാണാതായി. വാര്‍ഷിക പദ്ധതിയേക്കാള്‍ വലിയ നഷ്ടമാണ് പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്തിന്‍റെ പുനര്‍ നിര്‍മാണമെന്ന കടന്പ ഇനി ഏറ്റെടുക്കണം. സര്‍വ മേഖലയിലും പ്രളയം നഷ്ടം വരുത്തി. ടൂറിസത്തെയും ബാധിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് .പുനര്‍ നിര്‍മാണം എങ്ങനെ വേണമെന്ന കാര്യത്തില്‍ ക്രിയാത്മക ചര്‍ച്ച ഉയരണം

മേയ് 16 മുതല്‍ തന്നെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.കാലാവസ്ഥ പ്രവചനത്തിലെ കണക്കുകള്‍ തെറ്റിച്ചാണ് മഴ പെയ്തത്. കക്ഷിഭേദമില്ലാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒന്നിച്ചു അണിനിരന്നു. കാലവര്‍ഷക്കെടുതി ഉണ്ടാകുമെന്ന സൂചന കാലാവസ്ഥാ വകുപ്പില്‍ നിന്ന് ഉണ്ടായിരുന്നു. നേരിടാന്‍ ക്രിയാത്മക ഇടപെടല്‍ ഉണ്ടായി. മേയ് മുതല്‍ മുന്‍കരുതല്‍ തുടങ്ങി എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ മഴയാണ് ലഭിച്ചത്. പ്രവചനത്തിന്റെ മുന്നിരട്ടി മഴ ഓഗസ്റ്റ് 9മുതല്‍ 15 വരെ പെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് 98.5 മില്ലീ മീറ്റര്‍ മഴയാണ്. എന്നാല്‍ ലഭിച്ചത് 352 .2 മില്ലീ മീറ്റര്‍ മഴയാണ്.

പ്രളയാനന്തരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതബാധിതര്‍ക്ക് 10,000 രൂപയും സൗജന്യ കിറ്റും നല്‍കുന്നത് തുടങ്ങിയിട്ടുണ്ട്. ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളി സംസ്ഥാനത്തിന്‍റെ പുനര്‍ നിര്‍മാണമാണ്. വലിയ മൂലധനം ആവശ്യമുള്ള ഈ ദൗത്യത്തിനായി പണം നല്‍കാന്‍ ജനം മുന്നോട്ടു വരുന്നുണ്ട്. ഇതാണ് പ്രതിസന്ധി മറികടക്കാനുള്ള ആത്മവിശ്വാസം.

പുതിയ കേരളത്തിനായി ഒരു മാസത്തെ ശന്പളം നല്‍കണമെന്ന അഭ്യര്‍ത്ഥനയ്ക്കും മികച്ച പ്രതികരണമാണുണ്ടായതെന്നും. ഓഗസ്റ്റ് 29 വരെ 730 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസഹായമായി 600 കോടി രൂപ ലഭിച്ചു. കൂടുതല്‍ സഹായം അവിടെ നിന്നും പ്രതീക്ഷിക്കുന്നു. വായ്പ തേടി ലോകബാങ്കുമായും ചര്‍ച്ച നടത്തി. സംസ്ഥാന താത്പര്യത്തിന് അനുകൂലമായ സഹായം ആരുടെ ഭാഗത്തു നിന്നുണ്ടായാലും സ്വീകരിക്കും. ഈ ദുരന്തത്തെയും നാം അതിജീവിക്കും, ഐക്യവും യോജിപ്പും ഉണ്ടെങ്കില്‍ മുന്നോട്ടു പോകാനാകും.ഐക്യത്തോടെ നിന്നു അതിജീവിക്കാമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്.

Share news

Leave a Reply

Your email address will not be published. Required fields are marked *