പേരാമ്പ്ര ബൈപാസ് റോഡിൻ്റെ നിര്‍മ്മാണ പ്രവൃത്തി: മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചു

പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് റോഡിൻ്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്രവര്‍ത്തി വിലയിരുത്തുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് 2.45 നാണ് മന്ത്രി എത്തിയത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍, മുന്‍ ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലന്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

പേരാമ്പ്ര നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന റോഡാണ് പേരാമ്ബ്ര ബൈപാസ്. കേരള സര്‍ക്കാര്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേനയാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. 47.29 കോടി രൂപയാണ് നിര്‍മാണത്തിന് വകയിരുത്തിയിട്ടുള്ളത്. കല്ലോട് നിന്ന് ആരംഭിച്ച് പേരാമ്പ്ര പട്ടണത്തിന്റെ കിഴക്ക് ഭാഗത്ത് കൂടി പൈതോത്ത് റോഡിനെയും ചെമ്പ്ര റോഡിനെയും മുറിച്ച് കടന്ന് കക്കാട് പള്ളിക്ക് സമീപം അവസാനിക്കുന്ന രീതിയിലാണ് നിര്‍ദ്ദിഷ്ട ബൈപാസ്.


