പേരാമ്പ്ര എസ്റ്റേറ്റില്‍ വീണ്ടും കാട്ടാന ശല്യം: ഭയന്നോടിയ ടാപ്പിംഗ്തൊഴിലാളിക്ക് പരിക്ക്

പേരാമ്പ്ര: പ്ലാന്റേഷന് കോര്പ്പറേഷന് പേരാമ്പ്ര എസ്റ്റേറ്റില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി. ഇന്നലെ രാവിലെ കാട്ടാനക്കൂട്ടമിറങ്ങിയത് ഭീതി പടര്‍ത്തി . ആനകളെ കണ്ടു ഭയന്നോടി വീണു പരിക്കേറ്റ ടാപ്പിംഗ് തൊഴിലാളി സിനി ജോസഫ്(34) എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പണിമുടക്കി എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു.
കാട്ടാനക ശല്യം വര്‍ദ്ധിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് തികഞ്ഞ അലംഭാവമാണു പുലര്‍ത്തുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ചില്‍പെട്ട ഭാഗമാണിത്. പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ കൂടി തോണിയിലും മറ്റുമായാണ് പുലര്‍ച്ചെ വനിതകള്‍ അടക്കമുള്ള ടാപ്പിംഗ് തൊഴിലാളികള്‍ എസ്റ്റേറ്റിലെത്തുന്നത്. ഇവര്‍ ആനയെ ഭയന്നാണ് യാത്ര ചെയ്യുന്നത്. പേരാമ്പ്ര എസ്റ്റേറ്റ് പ്രശ്നം ചര്‍ച്ച ചെയ്യാനായി ബന്ധപ്പെട്ടവരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് എസ്റ്റേറ്റ് മാനേജ്മെന്റ് വിളിച്ചതായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

