പെരുവയല്‍ കള്ളാടിച്ചോല നിവാസികളുടെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നില്ല
മാവൂര്‍: പെരുവയല്‍ കള്ളാടിച്ചോല നിവാസികളുടെ ദുരിതയാത്ര കാണാനാരുമില്ല. വര്‍ഷകാലമായാല്‍ പുഞ്ചപ്പാടത്തെ വെള്ളക്കെട്ട് അതുവഴിയുള്ള റോഡിലേക്ക് കയറും. പെരുവയല്‍ ക്രിസ്ത്യന്‍ പള്ളിക്കു സമീപത്തുകൂടിയാണ് കള്ളാടിച്ചോല ഭാഗത്തേക്ക് പോകുന്ന റോഡ്. ഇവിടെയുള്ള വീട്ടുകാര്‍ക്ക് പെരുവയലിലൂടെ കടന്നുപോകുന്ന മാവൂര്‍-കോഴിക്കോട് റോഡിലെത്താന്‍ ഈ ഒരു മാര്‍ഗമേ ഉള്ളൂ. ഇരുപത്തഞ്ചോളം വീടുകളിലെ കുട്ടികള്‍ പെരുവയല്‍ സ്കൂളിലേക്ക് പോകുന്നത് ഈ റോഡിലൂടെതന്നെ.
റോഡ് കടന്നുപോകുന്ന പുഞ്ചപ്പാടത്ത് ചെറിയ മഴ പെയ്താല്‍പോലും വന്‍ വെള്ളക്കെട്ടാണ്. കനത്തമഴ തുടര്‍ന്നാല്‍ വെള്ളക്കെട്ട് ക്രമാതീതമായി ഉയരും. ഈ വെള്ളക്കെട്ട് നീന്തിക്കടന്നാണ് കുട്ടികളും മുതിര്‍ന്നവരുമെല്ലാം പുറംലോകത്തെത്തുന്നത്. ഏതാനും ദിവസങ്ങളായി മഴ തിമര്‍ത്തുപെയ്തപ്പോള്‍ വെള്ളം നന്നായി ഉയര്‍ന്നു. ഗതിമുട്ടിയപ്പോള്‍ വാഴത്തടകൊണ്ട് ചങ്ങാടം കെട്ടിയുണ്ടാക്കി അതില്‍ കയറിയാണ് അങ്ങോട്ടുമിങ്ങോട്ടും കരപറ്റിയത്.

ഈ റോഡിന്റെ ആദ്യഭാഗം പുഞ്ചപ്പാടംവരെ കഴിഞ്ഞവര്‍ഷം ടാറിങ് നടത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഭാഗം മണ്‍പാതയാണ്. ഇത് കെട്ടി ഉയര്‍ത്തിയാലേ റോഡിലെ വെള്ളക്കെട്ടില്‍നിന്ന് കള്ളാ ടിച്ചോലക്കാര്‍ക്ക് രക്ഷകിട്ടുകയുള്ളൂ. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരംതേടി പ്രദേശവാസികള്‍ മുട്ടാത്ത വാതിലുകളില്ല.

പെരുവയല്‍ പഞ്ചായത്തിലെ 8, 10, 11 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പരിഷ്കരണത്തിനുവേണ്ടി ഫണ്ട് അനുവദിക്കാന്‍ എം. പി, എം.എല്‍.എ. എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിച്ചിട്ടില്ല.




