പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ചിറയന്‍കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കടയ്ക്കാവൂര്‍ മണനാക്ക് പെരുംകുളം പോസ്റ്റോഫീസിനു സമീപം ഷീബാകോട്ടേജില്‍ സിറാജിനെ(21)യാണു കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും വിവാഹ വാഗ്ദാനം നല്‍കി വര്‍ക്കലയിലെ വിവിധ റിസോര്‍ട്ടുകളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍ക്കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ പ്രതി ഒളിവില്‍ പോവുകയായിരുന്നു എന്ന് കടയ്ക്കാവൂര്‍ പോലീസ് പറഞ്ഞു.

പ്രതിയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയതെന്നും ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് ചുമത്തിയതായും പോലീസ് അറിയിച്ചു. പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കടയ്ക്കാവൂര്‍ സിഐ ശ്രീകുമാര്‍, എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, സിപിഒമാരായ മനോഹരന്‍, മഹേഷ്, രാജേന്ദ്രന്‍, ബിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

