പെണ്‍കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ചുമതലയാണെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്

കോഴിക്കോട് : അവഗണിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ചുമതലയാണെന്നും ആ ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണമെന്നും മന്ത്രി എ. കെ. ശശീന്ദ്രന് പറഞ്ഞു. സാമൂഹികനീതി വകുപ്പ് കോഴിക്കോട് കോര്‍പറേഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ ബാലികാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അടുത്ത കാലത്തായി ദേശീയതലത്തില്‍തന്നെ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ തുടരെയുണ്ടായി. സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ വധിക്കപ്പെടുന്നിടത്തുവരെ കാര്യങ്ങള്‍ എത്തി. നിരവധി പ്രശ്നങ്ങള്‍ തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും അഭിമുഖീകരിക്കുന്നുണ്ടെന്നും ഇതില്‍ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും സാമൂഹികനീതി വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബാലാവകാശങ്ങള്‍ വിശദീകരിക്കുന്ന കാരവന് പ്രദര്‍ശനം മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം, സ്ത്രീധന നിരോധന നിയമം, ബാല വിവാഹത്തിനെതിരായ ബോധവത്കരണം എന്നിവ എക്സിബിഷനിലുണ്ട്.

ബാലികാദിന റാലി കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഫ്ളാഗ് ഓഫ് ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. സ്ഥിരംസമിതി ചെയര്മാന്മാരായ അനിതാ രാജന്, എം സി അനില്‍കുമാര്‍, എം രാധാകൃഷ്ണന്, കൌണ്‍സിലര്‍മാരായ സി അബ്ദുറഹ്മാന്, പി എം നിയാസ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ടി പി സാറാമ്മ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീബ മുംതാസ് എന്നിവര്‍ സംസാരിച്ചു. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി ഹഫ്സത്ത് സ്വാഗതവും യു അബ്ദുല്‍ ബാരി നന്ദിയും പറഞ്ഞു.

