പൂര്‍ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; ഉത്തര്‍പ്രദേശില്‍ യുവതി പ്രസവിച്ചത് റോഡരികില്‍

ലക്‌നൗ: പൂര്‍ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് തിരിച്ചയച്ചതിനെ തുടര്‍ന്ന് റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി. ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയിലെ സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് മനുഷ്യത്വരഹിതമായ ഈ നടപടി. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് യുവതിയെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞ് വരാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ മടക്കി അയച്ചു.
ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്‌ച വീണ്ടും യുവതിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സ നല്‍കാന്‍ ഡേക്‌ടര്‍മാരും ആശുപത്രി ജീവക്കാരും തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ച് പോകുന്നവഴി ആശുപത്രിക്ക് സമീപത്തുള്ള റോഡില്‍വച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുക്കളുടെയും മറ്റ് സ്ത്രീകളുടെയും സഹായത്തോടെ നിലത്ത് പുതപ്പ് വിരിച്ചാണ് യുവതി പ്രസവിച്ചത്.

ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി യുവതിയുടെ കുടുംബങ്ങള്‍ രംഗത്തെത്തി. ആരോപണ വിധേയയായ ഡോക്‌ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ആന്വേഷണം ആരംഭിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

