പൂര്‍ണഗര്‍ഭിണിയും ഏഴു വയസുള്ള മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: കാമുകന് അറസ്റ്റില്‍

മലപ്പുറം: കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയും ഏഴു വയസുള്ള മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റില്‍. കരിപ്പൂര്‍ സ്വദേശി ഷെരീഫ് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയ് 26നാണ് കാടാമ്പുഴ സ്വദേശിനി ഉമ്മല്‍സു, മകന് ഇര്‍ഷാദ് (ഏഴ്), എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ ഉമ്മല്‍സു കാമുകന് ഷെരീഫിനൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഈ ബന്ധത്തില്‍ അവര്‍ ഗര്‍ഭിണിയുമായി. പ്രസവ ശേഷം ഷെരീഫിനൊപ്പം താമസിക്കണമെന്ന് ഉമ്മല്‍സു നിര്‍ബന്ധം പിടിച്ചിരുന്നു. എന്നാല്‍ വേറെ ഭാര്യയും മക്കളുമുള്ള ഷെരീഫ്, ഉമ്മല്‍സു പ്രസവിക്കുന്നതോടെ തന്റെ അവിഹിത ബന്ധം പുറത്തറിയുമോ എന്ന ഭയത്താല്‍ ഇവരെയും മകനേയും കൊലപ്പെടുത്തുകയായിരുന്നു.

ഉമ്മല്‍സുവിന്റെ കഴുത്തുമുറിച്ചശേഷം കൈഞരമ്പ് മുറിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. കൊലപാതകത്തിനിടെ ഉമ്മല്‍സു പ്രസവിക്കുകയും ശുശ്രൂഷ ലഭിക്കാതെ നവജാത ശിശു മരിക്കുകയും ചെയ്തു. കൊലപാതകം കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ഇര്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തിയെന്നും ഷെരീഫ് പറഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ തിങ്കളാഴ്ചയാണ് പോലീസ് പിടികൂടിയത്.

