പൂരങ്ങളുടെ പൂരത്തിനൊരുങ്ങി തൃശൂര്‍

തൃശൂര്‍: പൂരങ്ങളുടെ പൂരത്തിനൊരുങ്ങി തൃശൂര്‍. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തള്ളിത്തുറന്ന് പൂരത്തിന്റെ വിളംബരമറിയിച്ചു. നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം. ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറമേറി നെയ്തലക്കാവിലമ്മ തെക്കേഗോപുരം തള്ളിത്തുറന്നപ്പോള്‍ ആള്‍ക്കൂട്ടം ആര്‍ത്തലച്ചു.
നാളെ കാലത്ത് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ തുടങ്ങും പൂരത്തിന്റെ ആരവം. എട്ട് ദേശങ്ങള്‍ക്കൊപ്പം തിരുവമ്പാടിയും പാറമേക്കാവും പൂരപ്പറമ്പില്‍ നിറയും. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും ആവേശക്കടലൊരുക്കും.

തെക്കോട്ടിറക്കവും കുടമാറ്റവും നിറച്ചാര്‍ത്താകും. ഒടുവില്‍ പുലര്‍ച്ചെ വെടിക്കെട്ട് ആകാശത്ത് ദൃശ്യവിസ്മയം തീര്‍ക്കും .പിറ്റേനാള്‍ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപിരിയും വരെ പൂരലഹിയില്‍ അമരും ശക്തന്‍ തമ്പുരാന്റെ തട്ടകം.

