നവീകരിച്ച പുളിയഞ്ചേരി നിന്തല്‍കുളം 20ന് നാടിന് സമർപ്പിക്കും
കൊയിലാണ്ടി: പുളിയഞ്ചേരി നിന്തല്‍കുളം ഉദ്ഘാടനം ഡിസംബർ 20ന് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. ഉച്ചക്ക് 2.30ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കാനത്തിൽ ജമീല അദ്ധ്യക്ഷ്യതവഹിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി കുളത്തിന് സമീപം ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം മുൻ എം.എൽ.എ. കെ. ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി: നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ മുന്‍ എം.എല്‍.എ. കെ. ദാസൻ്റെ തനത് ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ ചിലവഴിച്ചാണ് കുളം നവീകരിച്ചത്. സ്വകാര്യ വ്യക്തി വിട്ടുകൊടുത്ത നഗരസഭയുടെ കൈവശമുള്ള ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ ഏതാണ്ട് 45 സെൻ്റ് സ്ഥലത്താണ് പുളിയഞ്ചേരി കുളം സ്ഥിതിചെയ്യുന്നത്. ബാക്കി സ്ഥലങ്ങളിലായി ആയുർവ്വേദ ആശുപത്രി, മൃഗാശുപത്രി, അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നുണ്ട്.


പതിറ്റാണ്ടുകളായി ജനങ്ങൾ കുളിക്കാനുപയോഗിച്ചിരുന്ന കുളം പിന്നീട് നഗരസഭ ഏറ്റെടുത്ത് നീന്തൽകുളമാക്കിമാറ്റി. കൊല്ലം ചിറയെ മാത്രം ആശ്രയിച്ചിരുന്ന നഗരസഭ പ്രദേശത്തെ നിരവധി കുട്ടികൾക്കാണ് പിന്നീട് പുളിയഞ്ചേരി കുളം പ്രയോജനമായത്. പ്രവർത്തി നടക്കുന്നതിനാൽ കഴിഞ്ഞ 3 വർഷത്തോളമായി കൊല്ലം ചിറയെയും പന്തലായനി തേവർകുളത്തെയും ആശ്രയിച്ചാണ് ഇപ്പോൾ നീന്തൽ പരിശീലനം നടക്കുന്നത്. ഉദ്ഘാടനം കഴിയുന്നതോടെ ഇവരുടെ ദുരിതത്തിന് അറുതിയാവും.

സ്വാഗതസംഘം യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രജില സി. സ്വാഗതവും നിജില പറവക്കൊടി നന്ദിയും പറഞ്ഞു. എം.കെ. ബാബു കൺവീനറായി 101 അംഗ കമ്മറ്റിയും രൂപീകരിച്ചു.


