പുലിമുട്ട് ശാസ്ത്രീയമായി നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും: മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

കോഴിക്കോട്: വെള്ളയില്‍ മത്സബന്ധന തുറമുഖത്ത് നിലവിലുള്ള പുലിമുട്ട് ശാസ്ത്രീയമായി നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.വെള്ളയില്‍ മത്സ്യതുറമുഖം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് പുലിമൂട്ടിന്റെ പ്രധാന പ്രശ്നം. കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയാല്‍ ഏറേ കാത്തിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്റെ പുലിമുട്ട് നവീകരണ പദ്ധതിയിലുള്‍പ്പെടുത്തും. വെള്ളയില്‍ ഹാര്‍ബറിന്റെ സമഗ്രവികസനം ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കും.

വെള്ളയില്‍ ഹാര്‍ബര്‍ വികസനത്തിനായി എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഈ മാസ്റ്റര്‍ പ്ലാന്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ അസൗകര്യങ്ങളുടെ നടുവിലാണ് വെള്ളയില്‍ ഹാര്‍ബറുള്ളത്. അവിടെയും ഇവിടെയുമെക്കെ കുറേ കെട്ടിടങ്ങളുണ്ടെന്നല്ലാതെ ഒന്നും ശാസ്ത്രീയമല്ല, ഇതിനെല്ലാം പരിഹാരം ഉണ്ടാകും.

ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ വെള്ളയില്‍ ഹാര്‍ബര്‍ സമഗ്രമായി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

