പീഡാനുഭവ സ്മരണയില്‍ ദുഃഖ വെള്ളി ആചരിക്കുന്നു

കോട്ടയം: ഈശോയുടെ അന്ത്യയാത്രയും പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ച് ലോകമെന്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. രാവിലെ മുതല്‍ ദേവാലയങ്ങളില്‍ പ്രാര്‍ഥനകളും ശുശ്രൂഷകളും തുടങ്ങി. നൂറുകണക്കിന് വിശ്വാസികളാണ് പ്രാര്‍ഥനകളിലും ശുശ്രൂഷകളിലും പങ്കെടുത്തത്.
ദുഃഖവെള്ളിയോട് അനുബന്ധിച്ച് പ്രശസ്തമായ മലയാറ്റൂര്‍ കുരിശുമലയിലേക്കും വിശ്വാസികളുടെ പ്രവാഹമാണ്. വിശുദ്ധവാരം തുടങ്ങിയ ഓശാന ഞായറാഴ്ച മുതല്‍ വലിയ തിരക്കാണ് മലയാറ്റൂരില്‍ അനുഭവപ്പെടുന്നത്. പെസഹ വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ വിശ്വാസികള്‍ മലയാറ്റൂരില്‍ എത്തിത്തുടങ്ങിയിരുന്നു. തീര്‍ഥാടകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും മലയാറ്റൂരില്‍ ഒരുക്കിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ തീര്‍ഥാടകരുടെ വരവിനെ ബാധിച്ചില്ല. കുരിശുമുടിയിലെ മാര്‍ത്തോമ്മാ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പു വണങ്ങിയതിനു ശേഷം സന്നിധി, ആനകുത്തിയ പളളി, അദ്ഭുത നീരുറവ, പൊന്‍കുരിശ്, മാര്‍ത്തോമ്മാ ശ്ലീഹായുടെ കാല്‍പ്പാദം എന്നിവിടങ്ങളില്‍ പ്രാര്‍ഥിച്ചാണ് തീര്‍ഥാടകര്‍ മലയിറങ്ങുന്നത്. കാല്‍നടയായി വരുന്ന തീര്‍ഥാടകര്‍ക്കു വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കഞ്ഞിയും സംഭാരവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.

