പിഷാരികാവ് ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന ചരിഞ്ഞു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കേശവന്‍കുട്ടിയാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ക്ഷേത്രക്കാവില്‍ ചരിഞ്ഞത്. 55 വയസ്സുള്ള ആന മൂന്നുദിവസമായി ദഹനക്കേടിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ വ്യക്തമാകൂ എന്ന് ആനയെ ചികിത്സിച്ച ഡോ. സുനില്‍കുമാര്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള ആനകളിലൊന്നാണ് കേശവന്‍കുട്ടി. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ആനയെ എഴുന്നള്ളിച്ചിരുന്നു. ക്ഷേത്രഭാഗത്തെ ഉപ്പുരസമുള്ള മണല്‍ ഭക്ഷിച്ചതും പനയോല കിട്ടാത്തതിനാല്‍ തെങ്ങോല ഭക്ഷിക്കാന്‍ നല്‍കിയതുമാണ് ആനയ്ക്ക് അത്യാഹിതം വരുത്തിയതെന്ന് ആരോപണമുണ്ട്.
ആനയെ മലയാറ്റൂര്‍ കോടനാട്ടെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഫോറസ്റ്റ് വകുപ്പിലെ ഡോ. ജയകുമാര്‍, പൂക്കോട് വെറ്ററിനറി കോളേജിലെ ഡോ. അരുണ്‍ എന്നിവര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തും. ഉത്സവച്ചടങ്ങിനിടെ ആന ചരിഞ്ഞത് ഭക്തജനങ്ങളെ ദുഃഖത്തിലാഴ്ത്തി. ആന ചെരിഞ്ഞതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കാവിലേക്കു പ്രവേശനം നിഷേധിച്ച ദേവസ്വം നിലപാട് പ്രതിഷേധത്തിനിടയാക്കി.

