പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി: ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 23 മുതൽ 30 വരെയാണ് മഹോത്സവം നടക്കുന്നത്. വടക്കെ മലബാറിലെ പൂരം എന്ന് വിശേഷിപ്പിക്കുന്ന പിഷാരികാവിൽ ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പതിനായിരങ്ങളാണ് ദർശനം നടത്താറുള്ളത്. വലിയവിളക്ക് ദിവസം കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ആചാര വരവുകൾ ക്ഷേത്ര പരിസരത്ത് എത്തിച്ചേരുമ്പോൾ ക്ഷേത്രവും പരിസരവും ജനനിബിഡമായി മാറും.
ഉത്സവത്തോടനുബന്ധിച്ച് തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ വിപുലമായ യോഗം വിളിച്ചുചേർത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾക്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നഗരസഭ, പോലീസ്, എക്‌സൈസ്, റവന്യൂ, ഫയർ & റെസ്‌ക്യു, ആരോഗ്യം വിഭാഗം എന്നീവകുപ്പുകളിലം ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിപുലമായ യോഗമാണ് വിളിച്ചുചേർത്തിട്ടുള്ളത്. ഉത്സവ കാലയളവിൽ പ്രദേശത്ത് അനധികൃത മദ്യവിൽപ്പനയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കാൻ എക്‌സ്സൈസ് വകുപ്പിന്റെ പ്രത്യേ സ്‌ക്വോഡ് പ്രവർത്തിക്കും.

സുരക്ഷാ സംവിധാനം ഒരുക്കുന്നതിനായി കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. ക്ഷേത്രപരിസരമാകെ CCTV നിരീക്ഷണവലയത്തിലാക്കും. താലൂക്കാശുപത്രിയിലെയും മറ്റു ഡോക്ടർമാരുടെയും നേതൃത്വത്തിലുള്ള വിദഗ്ദരടങ്ങിയ മെഡിക്കൽ ടീം മുഴുവൻ സമയവും പ്രവർത്തിക്കും. ക്ഷേത്ര പരിസരത്ത് താൽക്കാലിക കച്ചവടത്തിന് ഭാഗിക നിയത്രണമേർപ്പെടുത്തും, ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പന കേന്ദ്രങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കർശനമായ പരിശോധന ഉണ്ടാകും. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയാൽ തുടർനടപടി സ്വീകരിക്കും.

വലിയവിളക്ക് ദിവസവും കാളിയാട്ട ദിവസവും ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.

വടക്ക് നിന്ന് വരുന്ന ദീർഘദൂര വാഹനങ്ങൾ പയ്യോളി മേപ്പയ്യൂർ വഴി കോഴിക്കോട്ടേക്കും. തെക്ക്‌നിന്ന് വരുന്ന ദീർഘദൂര വാഹനങ്ങൾ പാവങ്ങാട് ഉള്ള്യേരി വഴി പോകാനും, വടക്ക് നിന്ന് കൊയിലാണ്ടി വരെ വരുന്ന ബസ്സുകൾ മൂടാടിയിലും, തെക്ക് നിന്ന് വരുന്ന വാഹനങ്ങൾ പൊയിൽക്കാവിലും അളുകളെ ഇറക്കി തിരിച്ചുപോകാനും തീരുമാനിച്ചു. കൂടാതെ രാത്രി കാലങ്ങളിൽ കൂടുതൽ ബസ്സ് സർവ്വീസ് അനുവദിക്കുവാൻ ആർ.ടി.ഒ.യോടും ബസ്സുടമകളോടും ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്.
ഉത്സവത്തിന്റെ നടത്തിപ്പിനായി മുല്ലപ്പള്ള രാമചന്ദ്രൻ എം.പി, കെ. ദാസൻ എം.എൽ.എ., നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ഇളയിടത്ത് വേണുഗോപാൽ, യു. രാജീവൻ എന്നിവർ രക്ഷാധികാരികളായും പുനത്തിൽ നാരായണൻകുട്ടി നായർ (ചെയർമാൻ), ഇ.എസ്. രാജൻ (ജനറൽ കൺവീനർ), യു. വി. കുമാരൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായും പ്രദേശത്തെ ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരെയും ഉൾപ്പെടുത്ത്ി വിപുലമായ സംഘാടകസമിതിയും പ്രവർതതിക്കുന്നു.
വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി ഇളയിടത്ത് വേണുഗോപാലൻ, ജനറൽ കൺവീനർ ഇ. എസ്. രാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. കെ.രാജേഷ്, ചെയർമാൻ (വാദ്യം) പ്രമോദ് തുന്നോത്ത്, എക്‌സിക്യൂട്ടീവ് ഓഫീസർ യു. വി. കുമാരൻ എന്നിവർ പങ്കെടുത്തു.
