പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച കൊടിയേറും

കൊയിലാണ്ടി: മലമ്പാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് 26 ന് ഞായറാഴ്ച കാലത്ത് കൊടിയേറ്റത്തോടെ തുടക്കമാവും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ എം. എൽ. എ. കെ. ദാസനോടൊപ്പം പത്രസമ്മേളനത്തിൽ അറിയിച്ചു. 6.30ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെയാണ് കൊടിയേറ്റം. രാവിലത്തെ പൂജയ്ക്ക് ശേഷം ശീവേലി എഴുന്നള്ളിപ്പ് നടക്കും.
തുടർന്ന് ആദ്യത്തെ അവകാശ വരവ്’ കൊണ്ടാടും പടി ക്ഷേത്രത്തിൽ നിന്നും എത്തിച്ചേരും. കുന്നിയോറ മല, കുട്ടത്ത് കുന്ന്, പണ്ടാരക്കണ്ടി, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തി സാന്ദ്രമായ വരവുകളും ക്ഷേത്രസന്നിധിയിൽ പ്രവേശിക്കും. വൈകീട്ട് കാഴ്ചശീവേലി രാത്രി 7 .30 ന് നാർപ്പണം.

27 ന് തിങ്കളാഴ്ച കാലത്ത് 10.30 ന് ഭജനാമൃതം, കാലത്തും വൈകീട്ടും കാഴ്ചശീവേലി. രാത്രി 7 ന് ശുകപുരം ദിലീപിന്റെ തായമ്പക, 7.30 ന് നാടകം കുംഭകർണ്ണൻ.

28 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് നാരായണീയ പാരായണം. രാത്രി 7 ന് ചെർപ്പുളശ്ശേരി ജയ വിജയൻ അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, 7.30 ന് വിത്സരാജ് & സുസ്മിത ഗിരീഷ് നയിക്കുന്ന ഗാനസന്ധ്യ.

29 ന് ബുധൻ രാവിലെ 10.30 ന് ഭക്തി ഗാനസുധ, രാത്രി 7 മണി സദനം ശിവകുമാറിന്റെ തായമ്പക, 7.30 ന് നാമഘോഷ ലഹരി, രാത്രി 9 മണി കുച്ചിപ്പുടി, നൃത്യാഞ്ജലി,
30 വ്യാഴം രാവിലെ 10.30 ന് ഭക്തി കീർത്തനങ്ങൾ രാത്രി 7 മണി കോട്ടയ്ക്കൽ ഉണ്ണികൃഷ്ണമാരാരുടെ തായമ്പക രാത്രി 7.30 ന് നാടകം ശിവ ഭദ്ര
31 ന് ചെറിയ വിളക്ക്, രാവിലെ ശീവേലിക്ക് ശേഷം വണ്ണാന്റെ അവകാശ വരവ്, കോമത്ത് പോക്ക്, വൈകീട്ട് 4.30ന് പാണ്ടിമേളസമേതമുള്ള കാഴ്ചശീവേലി, രാത്രി 7.30 ന് മധു ബാലകൃഷ്ണന്റെ ഗാനമേള.
ഏപ്രിൽ 1ന് വലിയ വിളക്ക്, രാവിലെ മന്ദമംഗലത്തുനിന്നുള്ള ഇളനീർ കുലവരവ്, വസൂരി മാല വരവ്, വൈകീട്ട് 3 മുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും. ഇളനീർ കുലവരവുകൾ, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളികുടവരവ്, കൊല്ലന്റെ തിരുവായുധം വരവ്, മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. രാത്രി 11 മണിക്ക് ശേഷം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം ഗജവീരൻമാരുടെ അകമ്പടിയോടെ വാദ്യ കുലപതികളായ പയ്യാവുർ നാരായണ മാരാർ, സദനം രാമകൃഷ്ണൻ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, വെളിയണ്ണൂർ സത്യൻ മാരാർ, കാഞ്ഞിലശ്ശേരി വിജയ് മാരാർ, സദനം ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ട് പന്തി മേളത്തോടെ നൂറ്റമ്പതിൽപ്പരം കലാകാരൻമാരുടെ വാദ്യമേള സംഗീത ധ്വനിയോടെ പുറത്തെഴുന്നള്ളിച്ച് പുലർച്ചെ വാളകം കൂടുന്നു. തുടർന്ന് കരിമരുന്ന് പ്രയോഗം.
ഏപ്രിൽ 2 ന് കാളിയാട്ടം. വൈകീട്ട് കൊല്ലത്ത് അരയന്റെയും, വേട്ടുവരുടെയും, തണ്ടാന്റയും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം പുറത്തെഴുന്നള്ളിപ്പ് കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തിൽ വിദഗ്ദരായ മേളക്കാരുടെ നേതൃത്വത്തിൽ താളമേള ധ്വനി കളുടെ അകമ്പടിയോടെ പാലച്ചുവട്ടിലെക്ക് നീങ്ങി പാണ്ടിമേളത്തിനു ശേഷം ഊരുചുറ്റാനിറങ്ങി നിശ്ചിത സ്ഥലങ്ങളിലൂടെ ക്ഷേത്രത്തിലെത്തി രാത്രി 12 മണിയ്ക്കുള്ളിൽ വാളകം കൂടുന്നതോടെ ഈ വർഷത്തെ കാളിയാട്ട മഹോത്സവം സമാപിക്കും.
ക്ഷേത്ര ക്ഷേത്രേതര കലകളും വൈവിധ്യ സമ്പൂർണ്ണവും, ആനന്ദദായകവുമായ ആചാരാനുഷ്ഠാനങ്ങൾ പിഷാരികാവ് ക്ഷേത്രോത്സവത്തിന്റെ പൊലിമ വർധിപ്പിക്കുന്നു. വാർത്താ സമ്മേളനത്തിൽ എം.എൽ.എ കെ.ദാസൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് ബാലകൃഷ്ണൻ നായർ, പി.ബാലൻ നായർ, ഇ.എസ്.രാജൻ, എക്സി. ഓഫീസർ യു.വി. കുമാരൻ ഇ. പ്രശാന്ത്, അശോകൻ, തുടങ്ങിയവർ പങ്കെടുത്തു.
