പിറവത്ത് വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് അക്രമം; പ്രതി പിടിയില്‍

കൊച്ചി: എറണാകുളം പിറവത്ത് വീട്ടമ്മയായ സ്മിതയെയും നാല് മക്കളെയും ആസിഡ് അക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. സ്മിതയുടെ രണ്ടാം ഭര്‍ത്താവായ മേമ്മുറി, മൂട്ടമലയില്‍ റെനിയാണ് അറസ്റ്റിലായത്. രാമമംഗലം എസ്‌ഐ എബിയും സംഘവും കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോലഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
പിറവം രാമമംഗലം, മേമ്മുറി നെയ്ത്ത് ശാലപ്പടിയിലെ വീട്ടില്‍ കിടന്നുറങ്ങിയ സ്മിതിക്കും മക്കള്‍ക്കും നേരേ വ്യാഴാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലുമക്കളെയും സ്മിതയേയും ആദ്യം പിറവത്തെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയത്തെ ഇഎസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച സ്മിതയുടെ വാടക വീടിന് അജ്ഞാതന്‍ തീയിട്ടിരുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച രാമമംഗലം പൊലീസ് വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവായ റെനിയെ ചോദ്യം ചെയ്‌തോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം ഒന്നുമറിയാത്ത പോലെ വീട്ടില്‍ കിടന്നുറങ്ങിയ ഇയാള്‍ രാവിലെ അന്വേഷണത്തിനായി എത്തിയ പൊലിസിനോട് സഹകരിച്ചിരുന്നു. എന്നാല്‍ റെനിയുടെ പെരുമാറ്റത്തിലെ സംശയങ്ങളും മൊഴിയിലെ പൊരുത്തകേടുകളും വലത് കവിളിലെ പൊള്ളല്‍ പാടും ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

സ്മിതയുടെ ആദ്യവിവാഹത്തിലെ കുട്ടികളെ ഉപദ്രവിച്ച കേസില്‍ പ്രതി ജയിലില്‍ കഴിഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പരുക്കേറ്റ കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ മന്ത്രിയുമായി സംസാരിച്ചു കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താനും ജില്ലാ പൊലീസ് മേധാവിയോട് പ്രതികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനും ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.

