പിറന്നുവീണ പെണ്‍കുഞ്ഞിനെ അമ്മ ആശുപത്രിയില്‍ വെച്ച് ശ്വാസംമുട്ടിച്ച് കൊന്നു

ദില്ലി: പിറന്നുവീണ പെണ്‍കുഞ്ഞിനെ അമ്മ ആശുപത്രിയില്‍ വെച്ച് ശ്വാസംമുട്ടിച്ച് കൊന്നു. വെസ്റ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം. മൂന്നാമതൊരു മകളെ തനിക്ക് വേണ്ടെന്നായിരുന്നു 32-കാരിയുടെ നിലപാട്.
റീത്താ ദേവിയാണ് പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. നേരത്തെ രണ്ട് പെണ്‍കുട്ടികള്‍ പിറന്നതിന്റെ ഭര്‍ത്താവ് സ്ഥിരം വഴക്കിടുമായിരുന്നെന്ന് റീത്താ ദേവി ആശുപത്രിയിലെ സഹായിയോട് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ മൂന്നാമതൊരു പെണ്‍കുഞ്ഞ് പിറക്കുന്നത് അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി.

കുഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമായതോടെ പോലീസ് കേസെടുത്തു. ദേവിയുടെ ഭര്‍ത്താവ് അഷര്‍ഫി മഹാതോയ്ക്ക് സംഭവുമായി ബന്ധമില്ലെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ തനിക്ക് ആണ്‍കുഞ്ഞ് വേണമെന്ന് യാതൊരു നിര്‍ബന്ധവും ഉണ്ടായില്ലെന്നാണ് ഭര്‍ത്താവ് അവകാശപ്പെടുന്നത്.

പ്രസവ ശേഷമുണ്ടാകുന്ന വിഷാദമാകാം സ്ത്രീയെ കടുംകൈയിന് പ്രേരിപ്പിച്ചതെന്നും കരുതുന്നുണ്ട്. ആരോഗ്യത്തോടെ പ്രസവിച്ച കുഞ്ഞ് എങ്ങിനെ മരിച്ചെന്ന് സംശയിച്ചാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നതും അമ്മ പിടിക്കപ്പെട്ടതും.

