KOYILANDY DIARY.COM

The Perfect News Portal

പിന്തുണ

നാൽക്കവലയിൽ ഒരു ബഹളം.
ഓടിച്ചെന്നു നോക്കി.ഓ.. വിശേഷിച്ചൊന്നുമില്ല. ഒരു മല്ലൻ ഒരു സാധുവിനെ നിലത്തിട്ട് ചവിട്ടുകയാണ്. ചവിട്ടുന്ന കാലിന് കടിക്കാൻ ശ്രമിക്കുന്നുണ്ട് സാധു. കടിയേൽക്കുമ്പോൾ മല്ലന് വിറളി പിടിക്കുന്നു. സാധുവിൻ്റെ ഉടുവസ്ത്രം കീറുന്നു. നിലത്ത് വലിച്ചിഴയ്ക്കുന്നു. കലാപരിപാടികൾ അങ്ങനെ നീണ്ടുപോകുന്നു.
ബഹളം കേട്ട് ഗ്രാമവാസികൾ ഒത്തുകൂടിയിട്ടുണ്ട്. പോരാ അയൽദേശക്കാരും കഴുത്തു നീട്ടി നോക്കുന്നുണ്ട്.
ഞങ്ങളുടെ സിരകളിലെ വീരാരാധന പെട്ടെന്നാണ് ഉണർന്നത്.മല്ലനെ എങ്ങനെയെല്ലാം പിന്തുണയ്ക്കാം? ഓരോ ഗ്രാമവാസിയും ചിന്തിക്കാൻ തുടങ്ങി.
ചിന്ത പ്രവൃത്തിയിലേക്ക് കടന്നു. ചിലർ കൈകൊട്ടി ചിരിച്ച് പിന്തുണച്ചു. ചിലർ മല്ലന് ജയ ജയ പാടി. മറ്റു ചിലർ മല്ലന് വടി കൈമാറി. ചിലർ മല്ല നോട് ഇടങ്കണ്ണിട്ട് അയൽദേശത്തേക്ക് തിരിഞ്ഞു നിന്ന് സത്യക്കണ്ണീരൊഴുക്കി. ആരുടേതാണ് മികച്ച പിന്തുണ ?
മല്ലന് ആശയക്കുഴപ്പമായി.
ഗ്രാമുഖ്യൻ എവിടെ?
ഇത്രയൊക്കെ സംഭവിച്ചിട്ടും
കവലയിലേക്ക് വരാതെ, ദൂരെ മാറി അയാൾ നിശബ്ദനായി നിൽക്കുന്നു.
ആ മൗനമായിരുന്നു ഏറ്റവും മികച്ച പിന്തുണ എന്ന് തിരിച്ചറിഞ്ഞ നിമിഷം മല്ലൻ്റെ മുഖം തെളിഞ്ഞു.
വി. ഫിറോസ്
Share news