പിണറായി മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും
തിരുവനന്തപുരം : കേരളത്തിന് പ്രതീക്ഷയുടെ പുതുവെളിച്ചമേകി പിണറായി മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് പിണറായിയും 18 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.
സിപിഐ എം നിയമസഭാകക്ഷി യോഗം എ കെ ജി സെന്ററില്‍ തിങ്കളാഴ്ച ചേര്‍ന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുത്തു. ഇക്കാര്യവും ഘടകകക്ഷികളുടെ പിന്തുണ തെളിയിക്കുന്ന കത്തും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജ്ഭവനിലെത്തി ഔദ്യോഗികമായി ഗവര്‍ണര്‍ക്ക് കൈമാറി. ഇ ചന്ദ്രശേഖരന്‍, എ കെ ശശീന്ദ്രന്‍ എന്നീ എല്‍ഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭരണഘടനയുടെ 164(1) വകുപ്പനുസരിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ പിണറായി വിജയനെ ഗവര്‍ണര്‍ ക്ഷണിച്ചു.

മന്ത്രിസഭയിലെ അംഗങ്ങളുടെ പേര് ഉടന്‍ നല്‍കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് പിണറായി വിജയന്‍ ഗവര്‍ണറെ കണ്ട് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിവരം കൈമാറുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയിലാണ് സിപിഐ എം നിയമസഭാകക്ഷി യോഗം ചേര്‍ന്നത്. യോഗം നിയമസഭാ കക്ഷി സെക്രട്ടറിയായി എസ് ശര്‍മയെയും വിപ്പായി എം എം മണിയെയും തെരഞ്ഞെടുത്തു. സിപിഐ എം, സിപിഐ എന്നീ പാര്‍ടികളുടെ മന്ത്രിമാരെ നിശ്ചയിച്ചുകഴിഞ്ഞു. എന്‍സിപി, കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ് എന്നിവയുടെ മന്ത്രിമാരെ ഉടന്‍ നിശ്ചയിക്കും.

