പാലും മീനും വാങ്ങാനും ബ്ലോക്‌ചെയിന്‍ വിദ്യ വരുന്നു
തിരുവനന്തപുരം>സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കും. കേരള ഡെവലപ്മെന്റ‌് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലാണ് (കെഡിസ്ക്) ഇത‌് നടപ്പാക്കുന്നത‌്. ബ്ലോക്ചെയിന്‍ മേഖലയ‌്ക്ക‌് ആവശ്യമായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് പരിശീലന കോഴ്സും തുടങ്ങും.
മില്‍ക്ചെയിന്‍ എന്ന പേരിലാണ് പാല്‍വിതരണത്തില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. ഉല്‍പ്പാദനം, സംഭരണം, വിതരണം എന്നിവയില്‍ ഗുണനിലവാരവും കൃത്യനിഷ്ഠയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെഡിസ്ക് ചെയര്‍മാന്‍ ഡോ. കെ എം എബ്രഹാം അറിയിച്ചു. നിലവിലുള്ള വിതരണശൃംഖലയുടെ വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാവുന്നതരത്തിലുള്ള ഇലക്‌ട്രോണിക് ലെഡ്ജറായി സൃഷ്ടിക്കും. ശൃംഖലയിലെ ഓരോ ഘടകത്തിനും പ്രത്യേക തിരിച്ചറിയല്‍ നമ്ബരുണ്ടാകും. ഈ നമ്ബര്‍ ഉപയോഗിച്ച് വിതരണത്തിന്റെ ഏതുഘട്ടത്തിലും ഉല്‍പ്പന്നത്തിന്റെ സ്രോതസ്സും ഗുണനിലവാരവും കണ്ടെത്തും. ഇന്റര്‍നെറ്റ് ഓഫ് തിങ്സ് എന്ന നൂതന വിവരസാങ്കേതികവിദ്യയിലൂടെ ട്രക്കുകള്‍, ശീതീകരണ ടാങ്കുകള്‍ തുടങ്ങിയവയെ ഇന്റര്‍നെറ്റുവഴി ബന്ധപ്പെടുത്തി നിരീക്ഷിക്കും.

പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന വിളനഷ്ടം വിലയിരുത്തി പരമാവധി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന സ്മാര്‍ട്ട് വിള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ബ്ലോക്ചെയിനിലൂടെ നടപ്പാക്കുന്ന മറ്റൊരു സേവനം. നഷ്ടത്തിന്റെ യഥാര്‍ഥ കാരണം പ്രതികൂല കാലാവസ്ഥയാണോ എന്നു നിശ്ചയിക്കാനും ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്ബനിയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും മാത്രമല്ല, തട്ടിപ്പുകാരെ കണ്ടെത്താനും കഴിയും.

പച്ചക്കറിയുടെയും മത്സ്യത്തിന്റെയും വിതരണവും ബ്ലോക്ചെയിന്‍ വഴിയാക്കും. സ്വന്തം പച്ചക്കറി കൃഷിയിടങ്ങളെയും ഫിഷ് ലാന്‍ഡിങ‌് കേന്ദ്രങ്ങളെയും പാക്കിങ‌് കേന്ദ്രങ്ങളെയും കര്‍ഷകര്‍ ജിയോകോഡഡ് ഇമേജ് വഴി ബ്ലോക്ചെയിന്‍ ശൃംഖലയില്‍ ചേര്‍ക്കും. ഈ കോഡിലൂടെ കര്‍ഷകരുടെയോ കരാറുകാരുടെയോ പായ്ക്കറ്റിലാക്കിയ ഉല്‍പ്പന്നം തൂക്കവും ക്യൂആര്‍ കോഡും ആര്‍എഫ്‌ഐഡിയും സഹിതം ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്യാനാകും.

ബ്ലോക്ചെയിനില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അവസരങ്ങള്‍ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കെഡിസ്ക് ആസൂത്രണം ചെയ്ത ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്മെന്റ‌് (എബിസിഡി) എന്ന പേരിലുള്ള പരിശീലന കോഴ്സിലേക്ക‌് രജിസ്ട്രേഷന്‍ ആരംഭിച്ചു. വിവരങ്ങള്‍ക്ക്: 0471﹣- 2700813, abcd.kdisc.kerala.gov.in



